അറബിക്കടലില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്നറുകള്‍ തിരുവനന്തപുരത്തെ വര്‍ക്കലയിലും അഞ്ചുതെങ്ങിലും കണ്ടെത്തി. വർക്കല മാന്തറ ക്ഷേത്രത്തിന് സമീപത്താണ് രാത്രി കണ്ടെയ്നർ കണ്ടത്. കണ്ടെയ്നറിന് ഒപ്പം ചാക്കുകെട്ടുകളും തീരത്തടിഞ്ഞു. കണ്ടെയ്നര്‍ തകര്‍ന്ന നിലയിലാണ്. 34 കണ്ടെയ്നറുകളാണ് കൊല്ലം തീരത്ത് ഇന്നലെ മാത്രം അടിഞ്ഞത്. കണ്ടെയ്നറിൽ നിന്നുള്ള ഇന്ധന മാലിന്യങ്ങൾ കടലിൽ പടരാതിരിക്കാനുള്ള നടപടികൾ കപ്പൽ കമ്പനി സ്വീകരിച്ചിട്ടുണ്ട്.
ഒഴുകിയെത്തിയ കണ്ടെയ്നറുകൾ മാറ്റാനുള്ള നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾ കടൽ മാര്‍ഗം കൊല്ലം പോർട്ടിൽ എത്തിക്കാനാണ് നീക്കം. ഇതിനുവേണ്ടിയുള്ള ട്രയൽ റൺ ഇന്നലെ പൂർത്തിയാക്കിയിരുന്നു. കടലിലൂടെ കണ്ടെയ്നറുകൾ മാറ്റാൻ സാധിച്ചില്ലെങ്കിൽ തീരത്ത് വെച്ച് തന്നെ അവ മുറിച്ചുമാറ്റി ലോറികളിൽ കയറ്റി നിശ്ചിത സ്ഥലത്ത് എത്തിക്കാനും ആലോചനയുണ്ട്. കൊല്ലം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്നലെ കപ്പൽ കമ്പനി അധികൃതരുമായി ചർച്ച നടത്തിയിരുന്നു. കണ്ടെയ്നറുകൾ തീരത്തുനിന്ന് മാറ്റാനുള്ള പൂർണ്ണ ഉത്തരവാദിത്തം കപ്പൽ കമ്പനിക്കാണെന്ന് ജില്ല ഭരണകൂടം യോഗത്തിൽ അറിയിച്ചു. ഇതുമൂലം ഉണ്ടാകുന്ന മാലിന്യ പ്രശ്നങ്ങളും കപ്പൽ കമ്പനി അധികൃതർ പരിഹരിക്കും.
അതിനിടെ മുങ്ങിയപ്പോയ ചരക്കുകപ്പലിൽ നിന്ന് എണ്ണ പടരുന്നത് മൂലമുള്ള മലിനീകരണത്തിന്റെ ബാധ്യത ഏറ്റെടുക്കണമെന്ന് കപ്പൽ കമ്പനിക്ക് നിർദേശം. കപ്പൽ ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് കൊച്ചി എംഎംഡിയാണ് നിർദേശം നൽകിയത്. എണ്ണപ്പാട കടൽപ്പരപ്പിന്റെ കിഴക്ക്-തെക്ക് കിഴക്ക് ദിശയിൽ 1.5 നോട്സ് വേഗതയിൽ വ്യാപിക്കുന്നതായി കണ്ടെത്തി. 2x1 നോട്ടിക്കൽ മൈൽ വൃസ്തിയിലാണ് എണ്ണപ്പാടയുള്ളത്.
കപ്പൽ മുങ്ങിയ സ്ഥലത്ത് നൂറിലധികം കണ്ടെയ്നറുകൾ ഒഴുകിനടക്കുന്നു. ചിലത് തകർന്നിട്ടുണ്ട്. വെള്ളവുമായി ചേരുമ്പോൾ അസറ്റിലിൻ ഗ്യാസ് ഉൽപാദിപ്പിക്കുന്ന കാൽസ്യം കാർബൈഡ് ചരക്കുകളുടെ കൂട്ടത്തിലുണ്ട്. എണ്ണച്ചോർച്ച നേരിടാൻ ഇൻഫ്രാറെഡ് ക്യാമറ സംവിധാനങ്ങൾ അടക്കമുള്ള വിക്രം, സക്ഷം, സമർഥ് എന്നീ കപ്പലുകളെ കോസ്റ്റ് ഗാർഡ് വിന്യസിച്ചിട്ടുണ്ട്. എണ്ണവ്യാപനം പ്രതിരോധിക്കുന്നതിൽ വൈദഗ്ധ്യമുള്ള സമുദ്ര പ്രഹാറി എന്ന കപ്പൽ മുംബൈയിൽ നിന്ന് എത്തി. ഡോണിയർ വിമാനങ്ങൾ വ്യോമനിരീക്ഷണം നടത്തുന്നുണ്ട്.