kerala-gold-price

രാവിലെയും ഉച്ചയ്ക്കും രണ്ട് തവണ കുറഞ്ഞെങ്കിലും സ്വര്‍ണവില വൈകീട്ട് വീണ്ടും വര്‍ധിച്ചു. പവന് 2000 രൂപയുടെ വര്‍ധനവാണ് ഇന്ന് വൈകീട്ട് ഉണ്ടായത്. ഇതോടെ പവന് 1,09,920 രൂപയിലാണ് നിലവില്‍ വ്യാപാരം. ഗ്രാമിന് 250 രൂപ വര്‍ധിച്ച് 13,740 രൂപയുമായിട്ടുമുണ്ട്. വിലയുടെ കുത്തനെയുള്ള ഇറക്കം കണ്ട് പ്രതീക്ഷയോടെ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് തെല്ലൊരു ആശങ്ക ഉയര്‍ത്തിയാണ് സ്വര്‍ണവില വീണ്ടും വര്‍ധിച്ചിരിക്കുന്നത്.

ജനുവരി 29 ന് വൈകീട്ട് ആരംഭിച്ച വിലയിടിവാണ് ഇന്ന് ഉച്ചവരെ തുടര്‍ന്നത്. ഇന്നലെ രാവിലെ വന്‍ ഇടിവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. പിന്നാലെ ഇന്ന് രാവിലെയും ഉച്ചയുമായി വില വീണ്ടും കുറഞ്ഞു. ഇന്ന് (തിങ്കളാഴ്ച) രാവിലെ പവന് 6640 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 1,11,120 രൂപയിലെത്തി. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 ല്‍ എത്തുകയും ചെയ്തു. പിന്നാലെ ഉച്ചയ്ക്ക് വീണ്ടും വില ഇടിഞ്ഞു. പവന് 3,200 രൂപയാണ് ഉച്ചയ്ക്ക് കുറഞ്ഞത്. ഇതോടെ ഇന്നുമാത്രം ആകെ 9,840 രൂപ കുറഞ്ഞു. പവന് 1,07,920 രൂപയിലായിരുന്നു ഉച്ചയ്ക്ക് വ്യാപാരം. 400 രൂപ കുറഞ്ഞ് 13490 രൂപയായിരുന്നു ഉച്ചയ്ക്ക് ഒരുഗ്രാം സ്വര്‍ണത്തിന്‍റെ വില. 

നിലവിലെ ഇടിവ് തുടര്‍ന്നാല്‍ ചിലപ്പോള്‍ ഇന്നോ നാളെയോ തന്നെ സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെയെത്തിയേക്കും എന്നായിരുന്നു ഉപയോക്താക്കളുടെ പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷയില്‍ തെല്ലൊരു ആശങ്ക വീഴ്ത്തിയാണ് വൈകീട്ട് 2000 രൂപ കൂടിയത്. ആഗോള മാര്‍ക്കറ്റില്‍ സ്വര്‍ണം ഔണ്‍സിന് 4400 ഡോളറായി ഇടിഞ്ഞെങ്കിലും പിന്നീട് 4765 ഡോളറിലേക്ക് തിരിച്ചുകയറിയതാണ് വൈകീട്ട് കേരളത്തിൽ വിലകൂടാന്‍ കാരണം. വില കുത്തനെ കുറഞ്ഞ അവസരം മുതലെടുത്ത് ഒരുവിഭാഗം നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടാൻ തുടങ്ങിയതും തിരിച്ചടിയായി.

ജനുവരി അഞ്ചിനാണ് സ്വര്‍ണം പവന് ഒരു ലക്ഷം രൂപ കടക്കുന്നത്. ജനുവരി 29ന് രാവിലെ കേരളത്തിലെ സ്വര്‍ണ വില സര്‍വകാല ഉയരത്തിലെത്തി. 1,31,160 രൂപയായിരുന്നു വില. തൊട്ടടുത്ത ദിവസം രണ്ടു തവണയായി 6,280 രൂപ കുറഞ്ഞു. പിറ്റേ ദിവസം 6,320 രൂപ കുറഞ്ഞു. ഇന്ന് രണ്ട് തവണയായി 9,840 രൂപ കുറഞ്ഞതോടെ ഉച്ചവരെ നാലു ദിവസം കൊണ്ട് 23,240 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയിലുണ്ടായത്.

ENGLISH SUMMARY:

After a historic drop in the morning and afternoon, gold prices in Kerala witnessed a sudden rebound of ₹2,000 per sovereign on the evening of February 2, 2026. The price, which had touched a low of ₹1,07,920 in the afternoon, climbed back to ₹1,09,920 by evening. This surge is attributed to a recovery in global markets, where gold prices rose to $4,765 per ounce after hitting a low of $4,400.