കനത്തമഴയിലും കാറ്റിലും കോഴിക്കോട് അരീക്കാട് റെയില്‍വേ ട്രാക്കിലേക്ക് മൂന്ന് മരങ്ങള്‍ കടപുഴകി വീണു. ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു. വീടിന്റെ മേല്‍ക്കൂര പാകിയ ഷീറ്റ് റെയില്‍വേ ട്രാക്കിലേക്ക് പറന്നുവീണു. റെയില്‍വേയുടെ വൈദ്യുതി ലൈന്‍ തകര്‍ന്നുവീണു. കോഴിക്കോട് വഴിയുള്ള ട്രെയിന്‍ ഗതാഗതം രണ്ടു മണിക്കൂറോളം തടസപ്പെട്ടു. ഒരു ലൈന്‍ ഗതാഗതയോഗ്യമാക്കി, ട്രെയിനുകള്‍ വൈകും. എംജിആര്‍ ചെന്നൈ സുപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് കോഴിക്കോട്ട് പിടിച്ചിട്ടു. ഒഴിവായത് വന്‍ അപകടം. മരങ്ങള്‍ വീണത് തിരുനെല്‍വേലി – ജാംനഗര്‍ എക്സ്പ്രസ് എത്തുന്നതിന് തൊട്ടുമുന്‍പാണ്. നാട്ടുകാര്‍ അപായ മുന്നറിയിപ്പ് നല്‍കി ട്രെയിന്‍ നിര്‍ത്തിച്ചു. ആലുവയിലും ട്രാക്കില്‍ മരം വീണു. അമ്പാട്ടുകാവില്‍ റയില്‍വേ ട്രാക്കിലേക്ക് മരം കടപുഴകിയതിനെതുടര്‍ന്ന് എറണാകുളം–ആലുവ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
അതേസമയം, വടക്കന്‍ കേരളത്തില്‍ അതിശക്ത മഴയില്‍ മൂന്നാംദിവസവും നാശം. മലപ്പുറത്ത് മീന്‍പിടിക്കാനായി പോയ ആളെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാര്‍ക്കാട് പുഴയില്‍ കാണാതായ ഒറ്റപ്പാലം സ്വദേശിക്കായി തിരച്ചില്‍ തുടരുകയാണ്. വയനാട്ടിലും കണ്ണൂരും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. നിലമ്പൂര്‍ വലപ്പുഴയില്‍ മീന്‍പിടിക്കാന്‍ പോയ വല്ലപ്പുഴ സ്വദേശി മനോലന്‍ റഷീദാണ് മരിച്ചത്. വാഴക്കാട് മപ്രം മുഖക്കാവില്‍ മുഹമ്മദലിയുടെ വീട്ടിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലും മാവൂര്‍റോഡിലും വെള്ളം കയറി. കണ്ണൂര്‍ നാദാപുരം എയര്‍പോട്ട് റോഡില്‍ കലുങ്ക് തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. വിവരം അറിഞ്ഞെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
വിലങ്ങാട് ചേലക്കാട് തോട്ടത്തില്‍ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണറും ഇടിഞ്ഞുതാഴ്ന്നു. തൊട്ടില്‍പ്പാലം പുഴയില്‍ ഉച്ചയോടെ മലവെള്ളപ്പാച്ചിലുണ്ടായി. കണ്ണൂരില്‍ എളയാവൂരില്‍ വീടിന്‍റെ മേല്‍ക്കൂര പറന്നുപോയി. കുപ്പത്ത് ദേശീയപാത നിര്‍മാണസ്ഥലത്ത് ഇടിഞ്ഞുവീണ മണ്ണ് മാറ്റാന്‍ നിര്‍മാണ കമ്പനി നടപടി തുടങ്ങി. നെടുംപൊയിലില്‍ മരം വീണ് മൂന്നുപേര്‍ക്ക് പരുക്കേറ്റു. പഴശിഡാമിന്‍റെ 16 ഷട്ടറുകളില്‍ 13 എണ്ണവും തുറന്നു. കല്ലൂര് പുഴ കരകവിഞ്ഞ് മന്മഥമൂല റോഡില്‍ വെള്ളം കയറി.
പാലക്കാട് ശക്തമായ കാറ്റില്‍ അട്ടപ്പാടിയില്‍ വ്യാപകകൃഷി നാശമുണ്ടായി. ഇന്നലെ വൈകീട്ടാണ് മണ്ണാര്‍ക്കാട് പുഴയില്‍ വിനോദസഞ്ചാരത്തിനായി എത്തിയ മുബീലിനെ കാണാതായത്. മുബീലിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. തൃത്താല വെള്ളിയാങ്കല്ല് പൈതൃകപാര്‍ക്ക് താല്‍കാലികമായി അടച്ചു. കാസര്‍ക്കോട് മഞ്ചേശ്വരത്ത് ദേശീയപാതയില്‍ ഓവുചാല്‍ ഇല്ലാത്തതിനാല്‍ നിരവധി വീടുകളില്‍ വെള്ളംകയറി. ബദിയട്ക സെക്ഷനില്‍ 50 ഓളം വൈദ്യുതി തൂണുകളും നിലംപതിച്ചിട്ടുണ്ട്