നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധമുയർത്തി പി.വി.അൻവർ. ആര്യാടൻ ഷൗക്കത്തിനെ രൂക്ഷമായ ഭാഷയിൽ ആക്രമിച്ച അൻവറിനെ അനുനയിപ്പിക്കാൻ ആകുമോ എന്നാണ് യുഡിഎഫിന് മുന്നിലുളള ചോദ്യം. നാളെ മുതൽ പ്രചാരണങ്ങളിൽ സജീവമാകുമെന്ന് വി.എസ്.ജോയി പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിന്‍റെ സ്ഥാനാർഥിത്വം ഉൾക്കൊള്ളാൻ ആവാത്ത വിധമായിരുന്നു പി.വി. അൻവർ പൊട്ടിത്തെറിച്ചത്. വി.എസ്. ജോയിയെ ഒഴിവാക്കിയതിലും നീരസം പ്രകടമാക്കി. എന്നാൽ ജോയിക്ക് വേണ്ടി രംഗത്തെത്തിയ പി.വി. അൻവറിനെ പിന്തുണയ്ക്കാത്ത നിലപാടാണ് വിഎസ് ജോയ് സ്വീകരിച്ചത്. ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി സജീവമായി പ്രവർത്തിക്കുമെന്ന് വിഎസ് ജോയ് പറഞ്ഞു. പി.വി. അൻവറിന്‍റെ പിന്തുണ സഹായമാകുമെന്ന് രാവിലെ പറഞ്ഞ ആര്യാടൻ ഷൗക്കത്ത് രാത്രിയായപ്പോൾ അൻവറിന്‍റെ നിലപാടിനെ കുറിച്ച് യുഡിഎഫ് നേതൃത്വം നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിന് പിന്തുണ നൽകുന്ന കാര്യത്തിൽ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്നാണ് പി.വി. അൻവർ ഒടുവിൽ പറഞ്ഞത്. തിരഞ്ഞെടുപ്പിന് മുന്നിൽ നിൽക്കുമ്പോൾ അൻവറിനെ ഒപ്പം നിർത്താൻ പരമാവധി പരിശ്രമിക്കാനാണ് യുഡിഎഫിന്‍റെ നീക്കം.