അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നർ തീരത്തടിഞ്ഞു. കൊല്ലം കരുനാഗപ്പള്ളി ചെറിയഴീക്കൽ തീരത്താണ് അടിഞ്ഞത്. രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് ചെറിയഴീക്കൽ സിഎഫ്‌ഐ ഗ്രൗണ്ടിനു സമീപം കടലിൽ കണ്ടെയ്‌നർ കണ്ടത്. കടൽഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലായിരുന്നു. ഉടൻ അധികൃതരെ വിവരം അറിയിച്ചു. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഒരു വശം തുറന്നനിലയിലായിരുന്ന കണ്ടെയ്‌നറിൽ ഒന്നും കണ്ടെത്താനായില്ല. ശക്തമായ തിരമാലയുള്ളതിനാൽ കണ്ടെയ്‌നർ തീരത്തേക്കെടുക്കാനും സാധിച്ചിട്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്തായിട്ടാണ് കണ്ടെയ്നർ അടിഞ്ഞത്. അതിനാല്‍ സമീപത്തുളളവരോട് മാറാൻ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കടലിൽ വീണ കണ്ടെയ്നറിൽ നിന്നും ഓയിലും രാസവസ്തുക്കളും തീരത്തേക്ക് ഒഴുകിയെത്തുമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ മുൻകരുതലിനായി ആലപ്പുഴ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം തോട്ടപ്പള്ളി തീരം സന്ദർശിച്ചു.  രാത്രി വൈകിയും പരിശോധന തുടർന്നു. പൊഴിമുഖം തുറന്നാൽ ഉൾനാടൻ ജലാശയങ്ങളിൽ വ്യാപിക്കാനിടയാകുമെന്നത് ആശങ്കയ്ക്ക് കാരണമാണ്. ഇത് നെൽകൃഷിയേയും ഉൾനാടൻ മത്സ്യസമ്പത്തിനെയും ബാധിക്കാൻ ഇടയുണ്ട്. ഇത് കണക്കിലെടുത്താണ് സംഘം തീരത്ത് പരിശോധനക്കെത്തിയത്.

കലക്ടർ അലക്സ് വർഗീസ്, ദുരന്തനിവാരണം, ഫിഷറീസ്, ഇറിഗേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, തദ്ദേശ ജനപ്രതിനിധികൾ എന്നിവരും ഉണ്ടായിരുന്നു. തോട്ടപ്പള്ളി, അമ്പലപ്പുഴ തീരങ്ങളിൽ നിന്ന് കടൽ വെള്ളം ശേഖരിച്ച് പരിശോധനക്കായി അയച്ചു. അതിനിടെ തിരത്ത് ഒഴുകിയെത്തുന്ന വലിയ കന്നാസുകൾ, വീപ്പകൾ എന്നിവ കണ്ട് സംശയം തോന്നി പലരും പൊലിസിനെ വിളിക്കുന്നുണ്ട്. ചേർത്തല ഒറ്റമശേരിൽ ഇരുമ്പു വീപ്പ തീരത്തടിഞ്ഞത് കോസ്റ്റൽ പൊലിസ് എത്തി പരിശോധിച്ച് പ്രശ്നമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

അതേസമയം, അറബിക്കടലിലേയ്ക്ക് തെറിച്ചുവീണ കണ്ടെയ്നറുകൾ നീക്കുന്നതും പ്രതിസന്ധിയിലാണ്. കപ്പലിൽ 640 കണ്ടെയ്നറുകളുള്ളതിൽ 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കളുണ്ടെന്ന് സ്ഥിരീകരിച്ചു. കണ്ടെയ്നറുകളിൽ ചിലത് കപ്പലിനൊപ്പം കടലിലേയ്ക്ക് ആഴ്ന്നുപോയി. അപകടത്തിൽപ്പെട്ട കപ്പൽ എംഎസ്‌സി എൽസ ത്രിയുടെ ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പൽ സ്ഥലത്തുണ്ടെങ്കിലും കണ്ടെയ്നർ നീക്കം ഏറെക്കുറെ അപ്രായോഗികമായ നിലയിലാണ്.

ഏറെ തിരക്കുള്ള രാജ്യാന്തര കപ്പൽച്ചാലിൽ കണ്ടെയ്നറുകൾ ഒഴുകി നടക്കുന്നത് വൻ സുരക്ഷാ ഭീഷണിയാണ്. അതേസമയം, കോസ്റ്റ് ഗാർഡ് ഇൻഫ്രാറെഡ് സംവിധാനമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് രാത്രിയിലും കപ്പലിൽ നിന്നുള്ള എണ്ണചോർച്ച പ്രതിരോധിക്കുന്നത് തുടർന്നു. കോസ്റ്റ്ഗാർഡിന്റെ സക്ഷം എന്ന കപ്പലും ഡോണിയർ വിമാനങ്ങളും ഇതിനായി നിയോഗിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A container from the sunken cargo ship MSC Elsa III has washed ashore near Chirayil Ground in Karunagappally, Kollam. Locals reported hearing a loud noise before discovering the container wedged against a sea wall. Though one side of the container was open, nothing was found inside. Strong waves have delayed its removal. Authorities, including the District Collector, inspected the site due to its proximity to residential areas. Meanwhile, pollution concerns are rising along the Alappuzha coast as authorities suspect oil and chemical spills. Water samples from Thottappally and Ambalappuzha are being tested for contamination. Officials warn that if the spill enters inland waterways, it could impact paddy fields and fish stocks. Removal of other containers adrift at sea remains a major challenge, especially with 13 known to hold hazardous substances.