ലഹരിക്കെതിരെ പൊതുജനങ്ങളെ ഉള്‍പ്പെടുത്തി പോരാട്ടം ശക്തമാക്കി നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. മാനസ് എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴിയുള്ള സേവനം പ്രാദേശിക ഭാഷകളിലേയ്ക്കും വിപുലമാക്കും. രഹസ്യവിവരങ്ങള്‍ നല്‍കാനും ബോധവല്‍ക്കരണത്തിനും ലഹരിവിമുക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കും ഒരൊറ്റ നമ്പര്‍ മതി.
1933... ലഹരിക്കെതിരെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തുന്ന യുദ്ധത്തിലെ ബ്രഹ്മാസ്ത്രമാണ് മാനസ്. ടോള്‍ ഫ്രീ നമ്പറാണ് അതിന്‍റെ മര്‍മം. പൊതുജനങ്ങള്‍ക്കും നിര്‍ണായകമായ റോളുണ്ട്. ലഹരി മരുന്ന് കടത്ത്, ഉപയോഗം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാം. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായിരിക്കും. ബോധവല്‍ക്കരണത്തിനും ലഹരി വിമുക്തി കേന്ദ്രങ്ങളെക്കുറിച്ച് അറിയാനുമെല്ലാം ടോള്‍ ഫ്രീ നമ്പറിനെ ധൈര്യമായി ആശ്രയിക്കാം.
നിലവില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും സേവനം ലഭ്യമാണ്. എന്നാല്‍ ലഹരി വിരുദ്ധ നീക്കം വിപുലമാക്കുന്നതിന്‍റെ ഭാഗമായി പ്രാദേശിക ഭാഷകളിലും സേവനം നല്‍കാന്‍ ഒരുങ്ങുകയാണ്.