msc-elsa3-ship-accident-crew-details-cargo-kerala

കേരള തീരത്തുനിന്ന്  38 നോട്ടിക്കല്‍ മൈല്‍ അകലെ ചരക്കുകപ്പല്‍ ചരിഞ്ഞ് അപകടം. MSC എല്‍സ ത്രീ എന്ന ലൈബീരിയയുടെ പതാകയുള്ള കപ്പലാണ് അപകടത്തില്‍പ്പെട്ടത്. വിഴിഞ്ഞത്തുനിന്ന് ചരക്കുമായി നീങ്ങിയ കപ്പലില്‍ 24 ജീവനക്കാരുണ്ടായിരുന്നു. ഇതില്‍ ഒന്‍പതുപേര്‍ ലൈഫ് റാഫ്റ്റില്‍ കടലില്‍ ഇറങ്ങി. ഇവരെ രക്ഷാപ്രവര്‍ത്തനത്തിലൂടെ കരയ്‌ക്കെത്തിച്ചു. 15 ജീവനക്കാര്‍ ഇപ്പോഴും കപ്പലില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ടത് ഇന്നലെ

കപ്പലിലെ ക്യാപ്റ്റന്‍ റഷ്യക്കാരനാണ്. ജീവനക്കാരില്‍ 20 പേര്‍ ഫിലിപ്പീന്‍സ് പൗരന്മാരാണ്. കൂടാതെ രണ്ട് യുക്രെയ്നികളും ഒരു റഷ്യക്കാരനും ഒരു ജോര്‍ജിയക്കാരനും ജീവനക്കാരായുണ്ട്. കപ്പലില്‍ ഏകദേശം 400 കണ്ടെയ്‌നറുകളുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവയെല്ലാം അപകടകരമായ ചരക്കുകളല്ലെന്നും അധികൃതർ അറിയിച്ചു. 

തീരസംരക്ഷണസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. തീരസംരക്ഷണസേനയുടെ രണ്ട് കപ്പലുകള്‍ അപകടസ്ഥലത്തെത്തി. നാവികസേനയുടെ കപ്പല്‍ ഉടന്‍ അപകടസ്ഥലത്തെത്തും. തീരസംരക്ഷണസേനയുടെ ഡോണിയര്‍ വിമാനവും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.

ജീവനക്കാരെ രക്ഷിക്കാനാണ് മുന്‍ഗണനയെന്ന് ഡിഫന്‍സ് പി.ആര്‍.ഒ അതുല്‍ പിള്ള മനോരമ ന്യൂസിനോട് പറഞ്ഞു. 'കപ്പല്‍ 25 ഡിഗ്രിയോളം ചരിഞ്ഞ് വളരെ അപകടകരമായ അവസ്ഥയിലാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍പ്പെട്ട കപ്പലില്‍നിന്ന് അപകടകരമായ കാര്‍ഗോ കടലില്‍ വീണതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറൈന്‍ ഗ്യാസ് ഓയിലാണ് കാര്‍ഗോയിലുണ്ടായിരുന്നത്. ചെറിയ തോതില്‍ സള്‍ഫര്‍ അടങ്ങിയ എണ്ണയാണിത്. 

ഒരു കാരണവശാലും ഈ കാര്‍ഗോ തുറക്കരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കാര്‍ഗോ തീരത്തടിഞ്ഞാല്‍ പോലീസിനെയോ 112 എന്ന നമ്പറിലോ അറിയിക്കണം. തീരത്ത് എണ്ണപ്പാടുകള്‍ കണ്ടാല്‍ തൊടരുതെന്നും ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് അറിയിച്ചു.

അപകടകരമായ കാര്‍ഗോ കടലില്‍ വീണതില്‍ ജാഗ്രത വേണമെന്ന് തുറമുഖ വകുപ്പ് മന്ത്രി വാസവന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY:

The Liberian-flagged cargo vessel MSC Elsa 3 capsized 38 nautical miles off the Vizhinjam coast, Kerala. The ship had 24 crew members, including 20 Filipinos, 2 Ukrainians, 1 Russian captain, and 1 Georgian. Nine crew members escaped on life rafts and were rescued; 15 remain onboard. The ship carries about 400 containers with non-hazardous cargo. Marine gas oil cargo containing sulfur has spilled into the sea. Rescue operations are ongoing with Coast Guard and Navy involvement. Authorities warn the public to avoid contact with spilled cargo or oil and to report sightings immediately.