TOPICS COVERED

മലപ്പുറം കൂരിയാട് ഇടിഞ്ഞു താഴ്ന്ന ദേശീയപാതയുടെ സര്‍വീസ് റോഡില്‍ പുനര്‍നിര്‍മാണം നടത്തി ബലപ്പെടുത്തി ദിവസങ്ങള്‍ക്കുളളില്‍ ഗതാഗതം പുനരാരംഭിക്കുന്നത് പരിഗണനയില്‍. ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചാല്‍ ഗതാഗത തടസം ഒഴിവാക്കാനായി സര്‍വീസ് റോഡ് നന്നാക്കുന്നത് പരിഗണിക്കുന്നതായി ജില്ല കലക്ടര്‍ വി.ആര്‍.വിനോദ് പറഞ്ഞു.

കൂരിയാട് ഇടിഞ്ഞു താഴ്ന്നതോടെ ദേശീയപാതയിലൂടെ കടന്നുവരുന്ന പതിനായിരക്കണക്കിനു യാത്രക്കാരാണ് പ്രയാസത്തിലാവുന്നത്.വീതി കുറഞ്ഞ റോഡുകളിലൂടെ വഴി തിരിച്ചു വിടുമ്പോഴും ഗതാഗതതടസം പതിവാണ്.

ദേശീയപാത ഇടിഞ്ഞു താഴ്ന്നതിന്‍റെ മധ്യഭാഗത്തെ ആറുവരിപ്പാതയുടെ ഉയരം ഒരു മീറ്ററാക്കി ചുരുക്കി തല്‍ക്കാലത്തേക്ക് അപകടസാധ്യത കുറക്കാനാണ് ആലോചിക്കുന്നത്.ഇരുഭാഗങ്ങളിലുമുളള സര്‍വീസ് റോഡുകള്‍ ദിവസങ്ങള്‍കൊണ്ട് നവീകരിച്ച് ബലമുണ്ടെന്ന് ഉറപ്പുവരുത്തി ഗതാഗത യോഗ്യമാക്കുന്നതാണ് പരിഗണിക്കുന്നത്.

മുന്‍‌പ് ദേശീയപാത കടന്നു പോയിരുന്ന ഭാഗത്തു തന്നെയാണ് 45മീറ്റര്‍ വീതിയില്‍ പുതിയ എട്ടുവരിപ്പാത നിര്‍മിച്ചത്.മണ്ണ് ഇടിഞ്ഞു താഴ്ന്നതിന്‍റെ കാരണങ്ങളും വീഴ്ചകളും പരിശോധിക്കുന്ന വിദഗ്ധസമിതിയുടേയും ദേശീയപാത അതോറിറ്റിയുടേയും അനുമതി ലഭിച്ചാല്‍ സര്‍വീസ് റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.

ENGLISH SUMMARY:

The service road near the collapsed section of the National Highway at Kooriyad, Malappuram, is being considered for reconstruction and strengthening to resume traffic flow soon. District Collector V.R. Vinod stated that work will proceed once approval is received from the National Highway Authority.