ആലപ്പുഴയുടെ പല ഭാഗങ്ങളിലും ദേശീയ പാത നിർമാണത്തിന് ഉപയോഗിക്കുന്നത് ചെളിമണ്ണ്. ഭാവിയിൽ റോഡ് തകർന്ന് അപകടം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നതാണ് ചെളിമണ്ണ് റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നത്. റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന മണ്ണ് അടക്കമുള്ള നിർമാണ സാമഗ്രികളുടെ ഗുണമേന്മ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരും എത്താറില്ല.
ആലപ്പുഴ തുമ്പോളി,കലവൂർ, വളവനാട് , ചേർത്തല, എസ് എൽ പുരം ഭാഗങ്ങളിലാണ് റോഡ് നിർമാണത്തിന് ചെളിമണ്ണ് ഉപയോഗിക്കുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡ് താഴുന്നതിന് ചെളിമണ്ണ് ഉപയോഗിച്ചുള്ള നിർമാണരീതി കാരണമാകും.
സർവീസ് റോഡിനെ വേർതിരിക്കുന്ന പാർശ്വ ഭിത്തികൾ സമ്മർദ്ദം കൊണ്ട് തകർന്ന് വീഴാനും സാധ്യതയുണ്ട്. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഭാഗങ്ങളിൽ ചെളി മണ്ണിന് മുകളിൽ ഗ്രാവൽ ഇട്ടു കഴിഞ്ഞു. മഴ ശക്തമാകുന്നതോടെ അപകട സാധ്യതയും കൂടും.
ദേശീയപാതനിർമാണത്തിന് മണ്ണ് ലഭിക്കാതായതോടെ വേമ്പനാട് കായലിൽ നിന്ന് ഡ്രഡ്ജിങ് നടത്താൻ അനുമതി നൽകിയിരുന്നു. എന്നാൽ മണ്ണിനു പകരം ചെളിയും റോഡ് നിർമാണത്തിന് എത്തിക്കുകയാണ്. കായലിൽ നിന്ന് എടുക്കുന്ന നല്ല മണ്ണ് മറ്റ് ആവശ്യങ്ങൾക്ക് കടത്തിക്കൊണ്ട് പോയ ശേഷമാണ് റോഡ് നിർമാണത്തിന് ചെളി കൊണ്ടു വരുന്നത്.
രാത്രി കാലങ്ങളിലാണ് ചെളിമണ്ണ് ദേശീയപാത നിർമാണത്തിനായി എത്തിക്കുന്നത്. നിർമാണ സാമഗ്രികളുടെ ഗുണമേൻമ ഉറപ്പാക്കാൻ എൻജിനീയർമാരോ ഉദ്യോഗസ്ഥരോ എത്താറില്ല. നിർമാണ കമ്പനിയുടെ ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ മാത്രമാണ് മേൽനോട്ടം വഹിക്കാനുള്ളത്