TOPICS COVERED

കണ്ണൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായ തളിപ്പറമ്പ് കുപ്പത്തെ ആശങ്ക മാസങ്ങള്‍ക്കിപ്പുറവും തുടരുന്നു. ശക്തമായ മഴ പെയ്താല്‍ ചെളിവെള്ളം കുത്തിയൊലിച്ചെത്തുന്നത് പൂര്‍ണമായും തടയാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. മണ്ണിടിയാതിരിക്കാന്‍ താല്‍ക്കാലിക ഭിത്തി നിര്‍മിച്ചതാണ് ഏക ആശ്വാസം.

ആറ് മാസം മുമ്പ് മഴ ശക്തമായി പെയ്തപ്പോള്‍ കുപ്പം സിഎച്ച് നഗറിലെ വീടുകള്‍ ചെളിയില്‍ പുതഞ്ഞിരുന്നു. മണ്ണ് ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണുകൊണ്ടേയിരുന്നു. നിരന്തര പ്രതിഷേധത്തിനൊടുവിലാണ് താല്‍കാലിക സംവിധാനം ഒരുക്കിയത്. ദേശീയപാതയിലെ ഒരു വശം ഇടിഞ്ഞുവീഴാതിരിക്കാന്‍ മെറ്റല്‍ നിറച്ച ചാക്കുകള്‍ കൊണ്ടാണ് താല്‍കാലിക ഭിത്തിയുണ്ടാക്കിയത്. ഈ ചാക്കുകളിലേറെയും ഇപ്പോള്‍ വെയിലും മഴയുമേറ്റ് ദ്രവിച്ചു കീറിയ നിലയിലാണ്. മഴ പെയ്യുമ്പോള്‍ താഴ്വാരത്തെ കുടുംബങ്ങള്‍ക്കിന്നും ആശങ്ക.

മഴ മാറിയതോടെ ദേശീയപാതാ നിര്‍മാണം പ്രദേശത്ത് പുരോഗമിക്കുന്നുണ്ട്. സര്‍വീസ് റോഡ് കടന്നുപോകുന്നയിടത്തെ മണ്ണ് നീക്കിക്കൊണ്ടിരിക്കുന്നു. അശാസ്ത്രീയതയുണ്ടാകാതെ കൃത്യമായ നിര്‍മാണം വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.  അടുത്ത മാര്‍ച്ചോടെ കുപ്പം പ്രദേശത്തെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

ENGLISH SUMMARY:

Kannur Landslide continues to be a concern for Kuppam even months after the initial incident. The area is still vulnerable to mudslides during heavy rainfall, despite temporary walls being constructed.