ഭാരത്തിന് അനുസരിച്ച് മണ്ണിന്റ ബലം കൂട്ടാതിരുന്നതാണ് മലപ്പുറം കൂരിയാട് ദേശീയപാത ഇടിയാന്‍ കാരണമായതെന്ന് പദ്ധതിപ്രദേശത്ത് NHAI യ്ക്കുവേണ്ടി പഠനം നടത്തിയ സാബു.കെ.ഫിലിപ്പ്. താന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പലതും പാലിക്കാതെയാണ് നിർമ്മാണം നടന്നത്. കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ഇടങ്ങളില്‍ അപകടസാധ്യതയുണ്ടെന്നും PWD മുന്‍ സൂപ്രണ്ടിങ് എന്‍ജീനിയര്‍ കൂടിയായ സാബു.കെ.ഫിലിപ്പ് മനോരമ ന്യൂസിനോട് പറഞ്ഞു.
1993 കളില്‍ നടത്തിയ പഠനത്തില്‍ പോലും തീരെ ബലക്കുറവുള്ള മണ്ണാണ് കൂരിയാട് ഭാഗത്തുള്ളത്. അതുകൊണ്ടുതന്നെ മണ്ണ് ബലപ്പെടുത്താതെ ഒരു പദ്ധതിയും അവിടെ നടപ്പാകില്ല. മേല്‍പാതകളില്‍ നിന്ന് സർവീസ് റോഡിലേക്കും അവിടെ നിന്ന് റോഡിന് പുറത്തേക്കും വെള്ളം ഒഴുകാനുള്ള കൃത്യമായ ഡ്രൈനേജ് സംവിധാനവും നിര്‍മിച്ച റോഡിലില്ല.
പാത മുറിച്ച് കടക്കാന്‍ ഫുഡ് ഓവർ ബ്രിഡ്ജ് , സ്വകാര്യബസുകള്‍ കൂടുതല്‍ ഉള്ള വഴി ആയതിനാല്‍ ബസ് ബേകള്‍ എന്നിവ നിർമ്മിക്കണമെന്ന തന്റ നിര്‍ദേശം തള്ളിക്കളഞ്ഞു. ജംക്ഷന്‍ വരുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കണമെന്ന് ചൂണ്ടി കാട്ടിയിരുന്നെങ്കിലും അതും പാലിച്ചില്ല. കോഴിക്കോട് ജില്ലയില്‍ നന്തി മുക്കാളി തുടങ്ങിയ പ്രദേശങ്ങള്‍ അപകട സാധ്യത മേഖലകളാണെന്നും സാബു കെ ഫിലിപ്പ് ചൂണ്ടികാട്ടി.