തൃശൂർ-എറണാകുളം ദേശീയപാതയിൽ മുരിങ്ങൂരിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഒരു മാസം തികയുന്നതിനിടെ സർവീസ് റോഡ് ഇടിഞ്ഞു. ഇന്നലെ രാത്രിയിൽ ഉണ്ടായ മഴയിലാണ് റോഡ് തകർന്നത്. സർവീസ് റോഡിലൂടെ വാഹനങ്ങൾ ഭാഗികമായിയാണ് ഇപ്പോൾ കടത്തിവിടുന്നത്.

തൃശൂരിലെ പല പ്രദേശങ്ങളിലും ശക്തമായ മഴയാണ് ഇന്നലെ രാത്രിയിൽ പെയ്തത്. ഇതേ തുടർന്നാണ് അടിപ്പാത നിർമ്മാണം നടക്കുന്ന തൃശൂർ എറണാകുളം ദേശീയപാതയിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുള്ള മുരിങ്ങൂരിലെ സർവീസ് റോഡ് ഇടിഞ്ഞത്. രാത്രിയിൽ തന്നെ പൊലീസ് സ്ഥലത്ത് എത്തി സുരക്ഷാക്രമീകരണങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ കൂടുതൽ പോലീസ് എത്തി വാഹനങ്ങൾ ഭാഗികമായി കടത്തിവിടുന്നുണ്ട്. ഹൈക്കോടതി വിധിയെ തുടർന്ന് ടോൾ പിരിവ് നിർത്തിയ സാഹചര്യത്തിൽ സർവീസ് റോഡിന്‍റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ട് അധികമായില്ല.

അവധി ദിവസമായത് കൊണ്ട് തന്നെ സ്ഥലത്ത് ഗതാഗതക്കുരുക്ക് ഇപ്പോൾ ഇല്ല. ദേശീയപാതയിൽ അടിപ്പാത നിർമ്മാണം വളരെ വേഗത്തിലാണ് നടക്കുന്നതെന്നും സർവീസ് റോഡ് തകർന്നത് വേഗം പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ മുരിങ്ങൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.

ENGLISH SUMMARY:

Murungoor service road collapsed due to heavy rain in Thrissur, disrupting traffic on the Thrissur-Ernakulam National Highway. The road, recently repaired, suffered damage, and police are managing the partial flow of vehicles