കാസർകോട് ദേശീയപാതയിൽ അപകടകെണിയായി ടാറിങ്ങിലെ ഉയര വ്യത്യാസം. നിർമ്മാണം നടക്കുന്ന സ്ട്രെച്ചിൽ നിരവധി ഇടങ്ങളിലാണ് മാസങ്ങളായി ഉയര വ്യത്യാസം നിലനിൽക്കുന്നത്. വാഹനങ്ങൾ അതിവേഗത്തിൽ കുതിച്ചു പായുന്ന റോഡിൽ ഉയര വ്യത്യാസം മൂലം അപകടങ്ങൾ പതിവാണ്. കാഴ്ചയിൽ നിസ്സാരം എങ്കിലും അപകടകാരിയാണ് ഈ ഉയര വ്യത്യാസം. ജില്ലയിലെ ദേശീയപാത രണ്ടാം സ്ട്രച്ചിൽ മേഘ കൺസ്ട്രക്ഷൻ നിർമ്മാണ മേഖലയിലാണ് ഈ അപകട കെണി.
നിർമ്മാണം പുരോഗമിക്കുന്ന മേഖലയിൽ തടസ്സങ്ങളില്ലാതെ പ്രധാന പാതയിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. അതിനാൽ തന്നെ മണിക്കൂറിൽ 90 കിലോമീറ്റർ മുകളിലാണ് പാതയിൽ വാഹനങ്ങളുടെ വേഗത. അവിടെയാണ് ഈ നേരിയ ഉയര വ്യത്യാസം അപകടകരമാക്കുന്നത്. അമിത വേഗത്തിൽ എത്തുന്ന വാഹനം പൊടുന്നനെ റോഡിൽ ഉയര വ്യത്യാസം ഉണ്ടാകുമ്പോൾ നിയന്ത്രണം നഷ്ടപ്പെടും. ചിലർ ഉയര വ്യത്യാസം ദൂരെ നിന്ന് മനസ്സിലാക്കി വാഹനങ്ങളുടെ വേഗത കുറയ്ക്കുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾ ഇടിച്ചു കയറുന്നതും പതിവാണ്.
പാതയിൽ ഒന്നാം ലെയർ ടാറിങ് പൂർത്തിയായതാണ്. എന്നാൽ ചിലയിടങ്ങളിൽ മാത്രമേ രണ്ടാം ലെയർ പൂർത്തീകരിച്ചിട്ടുള്ളൂ. ഇതുമൂലമാണ് റോഡിൽ ഉയര വ്യത്യാസം. പാതയിൽ പത്തിന് മുകളിൽ സ്ഥലങ്ങളിലാണ് ഈ ഉയര വ്യത്യാസം ഉള്ളത്. ഒന്നെങ്കിൽ ഉടൻതന്നെ രണ്ടാം ലെയർ ടാറിങ് പൂർത്തിയാക്കുക. അല്ലെങ്കിൽ ഉയര വ്യത്യാസമുള്ള മേഖലയിൽ ചെരിച്ച് ടാർ ചെയ്ത് ഉയര വ്യത്യാസം കുറയ്ക്കുക.