കൊല്ലം കൊട്ടിയത്തെ ദേശീയപാത ദുരന്തം, സംരക്ഷണഭിത്തി ഇടിഞ്ഞു താഴുമെന്ന വിദഗ്ദസമിതി റിപ്പോര്‍ട്ട് അവഗണിച്ചതിനാലെന്നു രേഖകള്‍. നിലവിലെ ദുര്‍ബലമായ മണ്ണ് ബലപ്പെടുത്താനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ അപകടമുണ്ടാകുമെന്ന മുന്നറിയിപ്പാണ് നാലുമാസം മുന്‍പ് നല്‍കിയത്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു.
കൂരിയാട് അപകടത്തിനു പിന്നാലെയാണ് സംസ്ഥാനത്തെ ദേശീയപാത നിര്‍മാണം സംബന്ധിച്ച് പഠിക്കാന്‍ നാലംഗ വിദഗ്ദ സമിതിയെ നിയോഗിച്ചത്. ഇതിലാണ് കൊല്ലം കൊട്ടിയം മൈലക്കാട് ഭാഗത്തെ നിര്‍മാണത്തിലെ അപാകത അക്കമിട്ട് നിരത്തി റിപ്പോര്‍ട്ട് നല്‍കിയത്. പലയിടത്തും മണ്ണ് അതീവ ദുര്‍ബലമാണ്. ചിലഭാഗങ്ങളില്‍ മണ്ണിന്‍റെ ഉറപ്പിനെ സൂചിപ്പിക്കുന്ന പരിശോധന ഫലം പൂജ്യമാണ്. മണ്ണ് ബലപ്പെടുത്തിയില്ലെങ്കില്‍ സംരക്ഷണഭിത്തി അപ്പാടെ ഇരുന്നുപോകാനുള്ള സാധ്യതയുണ്ട്.
കൊട്ടിയം മൈലക്കാട് സംഭവിച്ചതും മറ്റൊന്നല്ല. മണ്ണ് താഴ്ന്നു അഗാധ ഗര്‍ത്തം രൂപപ്പെട്ടു. നിര്‍മാണ കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നു ഒറ്റ നോട്ടത്തില്‍ തന്നെ ബോധ്യപ്പെട്ടു. ഇതു മേല്‍നോട്ടം നടത്തിയ ഉദ്യോഗസ്ഥരും വീഴ്ച വരുത്തി. ഇവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്. നിലവില്‍ തകര്‍ന്ന ഭാഗത്തു മാത്രമാണ് കമ്പനിയുടെ ഇടപെടലുണ്ടാകുന്നത്. മറ്റുള്ള സ്ഥലങ്ങളിലും സമാനമായ അവസ്ഥയാണ്. വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ തലനാരിഴയ്ക്കാണ് സ്കൂള്‍ ബസ് അടക്കം രക്ഷപ്പെട്ടത്. നടപടി സ്വീകരിക്കുമോ പതിവ് ഉഴപ്പല്‍ ഉണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്.