സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. തലസ്ഥാനത്ത് ശക്തമായ മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ, കാസർഗോഡ്, ഇടുക്കി, കോഴിക്കോട് ജില്ലകളിലും ശക്തമായ മഴയെത്തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. മരം വീണ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലം സ്വദേശിയായ ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ മൂന്ന് മണിക്കൂർ നേരത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ശക്തമായ കാറ്റിലും മഴയിലും ഒട്ടേറെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പലയിടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മരം വീണ് പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടിരുന്നു.
കനത്ത മഴയെത്തുടർന്ന് കാസർഗോഡ് ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഇടുക്കി ജില്ലയിൽ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി എന്നിവ ഉൾപ്പെടെയുള്ള വിനോദങ്ങൾ നിരോധിച്ചു. നാളെ (മെയ് 24) മുതൽ മെയ് 27 വരെയാണ് ഈ നിരോധനം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ ട്രക്കിങ്ങും നിരോധിച്ചിട്ടുണ്ട്. തിങ്കളാഴ്ച (മെയ് 27) രാത്രി 7 മണി മുതൽ ചൊവ്വാഴ്ച (മെയ് 28) രാവിലെ 6 മണി വരെ ജില്ലയിൽ യാത്രാനിരോധനം ഏർപ്പെടുത്തി.
കോഴിക്കോട് ജില്ലയിൽ ക്വാറികളുടെ പ്രവർത്തനത്തിനും കിണർ നിർമ്മാണത്തിനും നിരോധനം ഏർപ്പെടുത്തി. നദീതീരങ്ങളിലേക്കും ബീച്ചുകളിലേക്കും വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കില്ല. വെള്ളച്ചാട്ടങ്ങളിലും സഞ്ചാരികൾക്ക് വിലക്കുണ്ട്. മലയോര മേഖലകളിൽ രാത്രി 7 മണി മുതൽ രാവിലെ 7 മണി വരെ യാത്ര ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.