ക്രൂര പീഡനങ്ങൾക്ക് വിധേയരാക്കിയ രണ്ട് പൊലീസുകാരെ കൂടി സർവീസിനു പുറത്താക്കണമെന്ന് വ്യാജ മാലമോഷണ കേസിൽ കുടുക്കപ്പെട്ട ദലിത് സ്ത്രീ ബിന്ദുവും കുടുംബവും. ബാത്റൂമിൽ നിന്ന് വെള്ളം കുടിക്കാൻ പറഞ്ഞ, ഏറ്റവും കൂടുതൽ ഉപദ്രവിച്ച പ്രസന്നൻ എന്ന പൊലീസുകാരനെ സ്ഥലം മാറ്റി സംരക്ഷിക്കുകയാണെന്നും ബിന്ദു പറഞ്ഞു.
മാല എങ്ങനെയാണ് കാണാതായതെയന്നും ആരാണ് മാറ്റിയതെന്നും അന്വേഷിക്കണമെന്നും ബിന്ദു ആവശ്യപ്പെട്ടു. രാത്രിയായിട്ടും അമ്മയെ കാണാതായതോടെ ഭയന്ന് പോയെന്നും ഇനിയാർക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്നും ബിന്ദുവിന്‍റെ പെണ്മക്കൾ മനോരമ ന്യൂസിനോട് പറഞ്ഞു.
വ്യാജമാലമോഷണക്കേസിൽ പരാതിക്കാരി ഓമന ഡാനിയലിനും കുടുംബത്തിനുമെതിരെ ബിന്ദു. മാല കാണാതായത് എങ്ങനെയെന്നും ആര് എടുത്തെന്നും അന്വേഷിക്കണം. ഓമന ഡാനിയലിന്റെ മകളെ സംശയമുണ്ടെന്നും നാളെ കമ്മിഷണർക്ക് പരാതി നല്‍കുമെന്നും ബിന്ദു പറഞ്ഞു
അതേസമയം, ബിന്ദുവിനെ വ്യാജമോഷണ കേസിൽ കുടുക്കി പീഡിപ്പിച്ചതിൽ കൂടുതൽ പോലീസുകാർ കുറ്റക്കാർ. തിരുവനന്തപുരം കന്റോൺമെൻറ് അസിസ്റ്റൻറ് കമ്മീഷണർ നടത്തിയ അന്വേഷണത്തിലാണ് സസ്പെൻഷൻ ആയ എസ്ഐക്ക് പുറമേ രണ്ടു പോലീസുകാരുടെ കൂടി വീഴ്ച വ്യക്തമായത്. അനധികൃതമായി കസ്റ്റഡിയിലെടുത്ത ബിന്ദുവിനെ ചോദ്യം ചെയ്യുകയും രാത്രിയിൽ തെളിവെടുപ്പിന് കൊണ്ടുപോവുകയും ചെയ്ത രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൂടി നടപടി ഉണ്ടാകും.
മോഷണക്കേസിലെ നടപടിക്രമങ്ങൾ ലംഘിച്ചന്ന് മാത്രമല്ല മോശമായി പെരുമാറി എന്നും ഭീഷണിപ്പെടുത്തിയെന്നും അന്വേഷണത്തിൽ വ്യക്തമായി. അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം ഇന്ന് നടപടി ഉണ്ടായേക്കും. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയപ്പോൾ മോശം പെരുമാറ്റം ഉണ്ടായി എന്ന ആക്ഷേപത്തിൽ അന്വേഷണത്തിന് സാധ്യതയില്ല. ഡിജിപിക്ക് നൽകിയ പരാതിയിൽ തുടർനടപടി വൈകിയതിലും ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.