സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി. പാലക്കാട് എടത്തനാട്ടുകര ചോലമണ്ണിൽ വാൽപറമ്പൻ ഉമ്മറിനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തി. എടത്തനാട്ടുകരയിൽ നിന്നു ചോലമണ്ണിലെ കൃഷിഭൂമിയിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം.
ഉച്ചക്ക് 2 മണിയോടെയായിരുന്നു ആക്രമണം. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി കൃഷി സ്ഥലത്തേക്ക് നടന്നും പോകും വഴി ജനവാസമേഖലയിൽ വെച്ചായിരുന്നു ആക്രമണം. പാലക്കാട് എടത്തനാട്ടുകര കാട്ടാനയാക്രമണം. ഫോണിലേക്ക് വീട്ടുകാർ വിളിച്ചിട്ട് കിട്ടാത്തത്തിനെ തുടന്ന് നാട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. മുഖത്ത് മുറിവുണ്ട്. കാട്ടാന തുമ്പികൈ വെച്ച് എറിഞ്ഞതാകാമെന്നാണ് നിഗമനം.
ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ രാത്രി 8 മണിയോടെയാണ് മൃതദേഹം പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. മൃതദേഹം നാളെ കുടുംബത്തിന് വിട്ടുനൽകും. മുമ്പ് ജനങ്ങൾ തിങ്ങിപാർത്തിരുന്ന ചോലമണ്ണ് പ്രദേശത്തു നിലവിൽ ആൾ താമസമില്ല, കാട്ടാനയാക്രമണം കൊണ്ടും മറ്റും എല്ലാവരും മാറി താമസിച്ചതാണ്. കൃഷി മാത്രമാണ് നടക്കുന്നത്. അതിനിടയിലാണ് ഒരു മനുഷ്യന്റെ ജീവൻ കൂടി പൊലിഞ്ഞത്.