വിമാനയാത്രക്കാർക്ക് തിരിച്ചടിയായി പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ ഇന്ധന സർചാർജ് ഏർപ്പെടുത്തി. എയർ ഇന്ത്യയ്ക്കും എയർ ഇന്ത്യ എക്സ്പ്രസിനും പിന്നാലെയാണ് ഇപ്പോൾ ഇൻഡിഗോയും സർച്ചാർജ് പ്രഖ്യാപിച്ചത്. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് വിമാന ഇന്ധന വിലയിലുണ്ടായ വർധനവാണ് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. പുതുക്കിയ നിരക്കുകൾ നാളെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.
ഇതോടെ എല്ലാ വിഭാഗത്തിലുമുള്ള വിമാന ടിക്കറ്റ് നിരക്കുകളിലും കാര്യമായ വർധനവുണ്ടാകും. 425 രൂപാ മുതൽ 2,300 രൂപവരെയാണ് സർചാർജ്. 400ലധികം വിമാനങ്ങളുള്ള ഇൻഡിഗോ പ്രതിദിനം 2200ൽ പരം സർവീസുകളാണ് നടത്തുന്നത്. വിമാനകമ്പനികളുടെ പ്രവര്‍ത്തന ചെലവിന്‍റെ വലിയൊരു ഭാഗവും ഏവിയേഷ്യന്‍ ഇന്ധനത്തിനാണ്. നിലവിലെ സാഹചര്യത്തില്‍ 85 ശതമാനത്തോളമാണ് ഇന്ധനവിലയിലുണ്ടായ വര്‍ധനവ്. ഇന്ധനവിലയിലെ ആഘാതം നികത്തുന്നതിന് വില വര്‍ധനവ് ആവശ്യമാണ്. താരതമ്യേന കുറഞ്ഞ നിരക്ക് വര്‍ധനവാണ് കമ്പനി നടത്തുന്നതെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി.
425 രൂപയാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് സര്‍ചാര്‍ജ് ചുമത്തുക. പശ്ചിമേഷ്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് 900 രൂപയും തെക്കുകിഴക്കൻ ഏഷ്യ, ചൈന, ആഫ്രിക്ക, പടിഞ്ഞാറന്‍ ഏഷ്യ എന്നിവിടങ്ങളിലേക്കുമുള്ള ടിക്കറ്റുകള്‍ക്ക് 1800 രൂപയും അധികമായി ഈടാക്കും. യൂറോപ്യന്‍ വിമാന ടിക്കറ്റിനാണ് 2300 രൂപ ഉയരുക. എയര്‍ ഇന്ത്യ വ്യാഴാഴ്ച 399 രൂപ മുതല്‍ 200 ഡോളര്‍ വരെ വിമാനങ്ങള്‍ക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു. ചില വിമാനങ്ങളുടെ പ്രവര്‍ത്തന ചെലവ് മറികടക്കാന്‍ സര്‍ചാര്‍ജ് ആവശ്യമാണെന്നും അല്ലെങ്കില്‍ വിമാനം റദ്ദാക്കേണ്ടി വരുമെന്നുമാണ് എയര്‍ ഇന്ത്യ വ്യക്തമാക്കിയത്.