കോഴിക്കോട് പുതിയ സ്റ്റാൻഡിലെ തീപിടിത്തം കൺമുന്നിൽ കണ്ട ഞെട്ടലിലാണ് കട ഉടമ റഫീഖ്. ഒന്നാം നിലയിൽ തീ ഉയർന്നു നിമിഷങ്ങൾക്കുള്ളിൽ ആളി പടരുകയായിരുന്നു. സ്കൂൾ തുറക്കുന്നതുമായി ബന്ധപെട്ടു കഴിഞ്ഞ രണ്ട് ദിവസമായി എത്തിച്ച സ്കൂൾ യൂണിഫോമുകളാണ് കത്തി നശിച്ചതിൽ കൂടുതലെന്നും റഫീഖ് മനോരമ ന്യൂസിനോട് പറഞ്ഞു.

തീപിടിത്തത്തില്‍ കാലിക്കറ്റ് ടെക്സ്റ്റൈല്‍സും ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു. 75 കോടിയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. മൂന്നാം നിലയിലെ കാലിക്കറ്റ് ടെക്സ്റ്റയിൽസിന്‍റെ ഗോഡൗണിൽ മാത്രം 50 കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്നു ഗോഡൗണും കത്തിനശിച്ചു.

തീ പടർന്ന കെട്ടിടത്തിൽ സുരക്ഷാ പരിശോധനകൾ ഒന്നും നടക്കാറില്ലെന്ന് കെട്ടിടത്തിൽ കച്ചവടം നടത്തുന്ന ഷമീർ മനോരമ ന്യൂസിനോട്. ശൗചാലയം അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെയാണ് കെട്ടിടത്തിൽ കച്ചവടം നടക്കുന്നത്. തീ പിടിച്ചത് അറിയിച്ച് അരമണിക്കൂർ കഴിഞ്ഞാണ് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയതെന്നും ഷമീർ പറഞ്ഞു.

തീപിടിത്തമുണ്ടായ കെട്ടിടത്തിൽ അനധികൃത നിർമാണം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്. ഈ ഭരണസമിതി നിലവിൽ വന്നതിനു ശേഷം ഒരു അനുമതിയും കൊടുത്തിട്ടില്ലന്നും ഡെപ്യൂട്ടി മേയർ മനോരമ ന്യൂസിനോട് പറഞ്ഞു. കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് അഗ്നിശമനാ യൂണിറ്റുകൾ പ്രവർത്തിക്കാത്തത് വലിയ വീഴ്ചയാണെന്ന് ടി.സിദ്ദിഖ് എംഎൽഎ. മെഡിക്കൽ കോളേജിൽ തീപിടുത്തം ഉണ്ടായ ശേഷവും കോർപ്പറേഷൻ വീഴ്ച ആവർത്തിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.

കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങളില്ലായിരുന്നുവെന്ന് ജില്ലാ ഫയര്‍ ഒാഫിസര്‍ പറഞ്ഞു. നാലുഭാഗത്തുനിന്നും കെട്ടി അടച്ച നിലയിലായിരുന്നു സ്ഥാപനം. ഒന്നാം നിലയിലാണ് ആദ്യം തീപിടിച്ചത്. കെട്ടിടത്തിന്‍റെ ബ്ലൂപ്രിന്‍റ് ലഭ്യമായിരുന്നില്ലെന്നും കെ.എം.അഷ്റഫലി പറഞ്ഞു. വിശദമായ പരിശോധനാ റിപ്പോര്‍ട്ട് നാളെ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും. 

കോഴിക്കോട് തീപിടുത്തത്തിൽ സർക്കാറും അന്വേഷണം പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയാണ് ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയത്. രണ്ടുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് കോഴിക്കോട് ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറി എ.ജയതിലക് നൽകിയിരിക്കുന്ന നിർദ്ദേശം. അപകടത്തിന്റെ കാരണത്തെക്കുറിച്ചും സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നോ എന്നതുമാണ് പ്രധാനമായും അന്വേഷിക്കുന്നത്.

ENGLISH SUMMARY:

A massive fire at Kozhikode’s new bus stand gutted several shops, including textile and medical godowns. Shop owner Rafeeq watched helplessly as school uniforms meant for reopening were destroyed. Preliminary estimates suggest ₹75 crore in damages. Authorities launch investigation into safety lapses and illegal constructions.