മലപ്പുറം കാളികാവിലെ നരഭോജിയായ കടുവയുടെ ചിത്രങ്ങൾ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു. കടുവ ദൗത്യത്തിനിടെ നേതൃത്വം നൽകുന്ന ഡി എഫ് ഒയെ സ്ഥലംമാറ്റിയതിൽ സേനയ്ക്കുള്ളിൽ മുറുമുറുപ്പ് ഉയർന്നു. നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാലിനെ തിരുവനന്തപുരത്തേക്കാണ് സ്ഥലംമാറ്റിയത്. ഡി എഫ് ഒയുടെ സ്ഥലംമാറ്റത്തോടെ ദൗത്യത്തിന് നാഥനില്ലാതായെന്ന് എ പി അനിൽകുമാർ എംഎൽഎയും ദൗത്യത്തെ ബാധിക്കുമെന്ന് ഡോ. അരുൺ സക്കറിയയും പ്രതികരിച്ചു.
വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ ഒന്നിൽ പുലർച്ചെയാണ് കടുവയുടെ ചിത്രം പതിഞ്ഞത്. ചിത്രം ലഭിച്ച മേഖല കേന്ദ്രീകരിച്ചുള്ള തിരച്ചിലാണ് നടക്കുന്നത്. കടുവയെ കണ്ടെത്തിയാൽ ഉടൻ കുങ്കി ആനകളെയുമായി മയക്കുവെടി വയ്ക്കാനുള്ള ശ്രമം ആരംഭിക്കും. കടുവയെ പിടികൂടാനുള്ള ദൗത്യം ഏകോപിപ്പിക്കുന്ന ഡി എഫ് ഒ ജി. ധനിക്ക് ലാലിനാണ് അപ്രതീക്ഷിത സ്ഥലംമാറ്റം. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലെ കേസുമായി ബന്ധപ്പെട്ടാണ് സ്ഥലംമാറ്റം എന്ന് ഉത്തരവിൽ പറയുന്നുണ്ടെങ്കിലും സർക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആക്ഷേപം ഉയർന്നു.
നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് ദൗത്യത്തെ ബാധിക്കുമെന്ന് ഡോ. അരുൺ സക്കറിയ പറഞ്ഞു. തന്നെ സ്ഥലം മാറ്റിയ സർക്കാർ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും കടുവയെ പിടിക്കാനുള്ള ദൗത്യവുമായിട്ട് മുന്നോട്ട് പോകുമെന്നും ജി തനിക്ക് ലാൽ മനോരമ ന്യൂസിനോട് പറഞ്ഞു. കടുവ മറഞ്ഞിരിക്കുന്ന സ്ഥലം കൃത്യമായി നിർണയിച്ചു കഴിഞ്ഞാൽ കുങ്കിയാനകളായ കോന്നി സുരേന്ദ്രനേയും കുഞ്ചുവിനേയും സ്ഥലത്ത് എത്തിച്ച് ദൗത്യം ആരംഭിക്കും.