സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴ തലവടിയില്‍ കോളറ ബാധിച്ച് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി.ജി.രഘുവാണ് മരിച്ചത്. ഈ വര്‍ഷം രണ്ടാമത്തെ കോളറ മരണമാണിത്. 2017ന് ശേഷം കഴിഞ്ഞ മാസമാണ് സംസ്ഥാനത്തെ ആദ്യത്തെ കോളറ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൃഷിവകുപ്പിലെ റിട്ടയേഡ് ഉദ്യോഗസ്ഥനായ കവടിയാര്‍ സ്വദേശിയാണ് അന്ന് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ഏപ്രില്‍ 17ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുകയും നാരങ്ങ വെള്ളം കുടിക്കുകയും ചെയ്തിരുന്നതായി ആരോഗ്യവകുപ്പ് വിശദമാക്കിയിരുന്നു.
എന്താണ് കോളറ? പകരുന്നതെങ്ങനെ?
വിബ്രിയോ കോളറ എന്ന ബാക്ടീരിയയുടെ വകഭേദങ്ങള്‍ കാരണം ചെറുകുടലില്‍ ഉണ്ടാകുന്ന അണുബാധയാണ് കോളറ. വെള്ളത്തിലൂടെ പകരുന്നതിനാൽ മഴക്കാലത്തു കോളറ പിടിപെടാൻ സാധ്യത കൂടുതലാണ്. രോഗബാധിതനായ വ്യക്‌തിയുടെ വിസർജ്യം കലർന്ന ആഹാരം കഴിക്കുന്നതിലൂടെയോ വെള്ളം കുടിക്കുന്നതിലൂടെയോ ആണ് ഈ ബാക്‌ടീരിയ ഉള്ളിലെത്തുന്നത്. ഛര്‍ദിയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങൾ. തുടക്കത്തിൽ പനിയും തലവേദനയും അനുഭവപ്പെടാമെന്നും ജാഗ്രത വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
രോഗലക്ഷണം കണ്ടുതുടങ്ങിയാലുടൻ ചികിൽസ തേടണം. ഇല്ലെങ്കിൽ നിർജലീകരണം രൂക്ഷമായി വൃക്കകൾ സ്‌തംഭിക്കുന്നതുവരെ കാര്യങ്ങളെത്താം. നവജാതശിശുക്കൾ, കുട്ടികൾ, മറ്റു രോഗങ്ങൾ ഉള്ളവർ, പ്രായമായവർ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. കിണറിനും കുളത്തിനും അരികിലായി കക്കൂസ് ടാങ്ക് സ്‌ഥാപിച്ചിട്ടുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. രോഗം ബാധിച്ചവരെ ശുശ്രൂഷിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു