രേണു സുധി പങ്കെടുത്ത അഭിമുഖത്തിലെ ചോദ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം. മാന്യതയുടെ അതിരുകള്‍ ലംഘിക്കുന്ന ചോദ്യങ്ങളാണ് അവതാരക ചോദിച്ചതെന്നാണ് വിമര്‍ശനം. അഭിമുഖത്തിന് വിളിക്കുമ്പോള്‍ അതിഥിക്ക് മിനിമം ബഹുമാനം കൊടുക്കണമെന്നും അഭിമുഖം കണ്ടവര്‍ പ്രതികരിച്ചു ഒരു യൂട്യൂബ് ചാനലിലാണ് അടുത്തിടെ രേണുവിന്‍റെ അഭിമുഖം വന്നത്.
'സുധി ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ താങ്കളെ ഡിവോഴ്സ് ചെയ്യില്ലായിരുന്നോ?, ഭാര്യയാണെന്ന് താങ്കള്‍ പറയുന്നത് വിശ്വസിക്കാനല്ലേ ഞങ്ങള്‍ക്ക് പറ്റൂ, പറയുന്നത് കള്ളമല്ലേ, സൈക്കോപാത് ലെവലായോ?' എന്നിങ്ങനെയാണ് അവതാരകയുടെ ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്.
മനുഷ്യാവകാശ കമ്മീഷൻ, സ്ത്രീ വിമോചന വാദികൾ, മഹിളാ സംഘടനകൾ ഒന്നും ഇതിനെതിരെ പറഞ്ഞ് കേട്ടില്ലല്ലോ എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം. 'സത്യത്തിൽ രേണു സുധി ഈ സമൂഹത്തോട് എന്തെങ്കിലും ദ്രോഹം ചെയ്തതായിട്ടുണ്ടോ? അങ്ങേയറ്റം വെറുപ്പും അറപ്പും തോന്നിയ ഒരു അഭിമുഖം ഈ അടുത്ത കാലത്ത് കണ്ടത് ഇന്നാണ്' എന്നും ചിലര്‍ കുറിച്ചു. അഭിമുഖത്തിന്‍റെ കമന്‍റ് ബോക്സിലും രേണുവിനെ അനുകൂലിച്ചും അവതാരകയെ വിമര്‍ശിച്ചുമാണ് കമന്‍റുകള്‍.
രേണു സുധി എന്ന മിടുക്കിയായ സ്ത്രീക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ടെന്നാണ് എഴുത്തുകാരി ശാരദക്കുട്ടി പ്രതികരിച്ചത്. 'നെഗറ്റീവുകളുടെയും അസഭ്യങ്ങളുടെയും പരിഹാസങ്ങളുടെയും ചെളിവെള്ളക്കുത്തൊഴുക്കിൽ ഒലിച്ചു മരിച്ചുപോകാതെ, കിട്ടിയ കിട്ടിയ പിടിവള്ളികളിൽ കടിച്ചുപിടിച്ചു നിന്ന്, തനിക്കനുകൂലമായ പോസിറ്റീവ് പ്രതികരണങ്ങളിലേക്ക് സമൂഹത്തെ സ്വയമെത്തിച്ചു കൊണ്ടുവരുന്ന രേണു സുധി എന്ന മിടുക്കിയായ സ്ത്രീക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്.
ഭർത്താവില്ലാത്ത അവർ കരയുന്നില്ല എന്നതായിരുന്നു മലയാളി സമൂഹത്തിൻ്റെ ഏറ്റവും വലിയ ചൊറിച്ചിൽ . നിങ്ങൾ സങ്കൽപിക്കുന്ന തരം 'കല'യോ 'സൗന്ദര്യ'മോ തനിക്കുണ്ടെന്നവർ അവകാശപ്പെടുന്നില്ല. ജീവിതമാണ് പ്രധാനം, പണമാണ് അതിനാവശ്യം എന്നവർ മനസ്സിലാക്കുന്നുണ്ട്.
സ്ത്രീയാവുക എന്നത് വലിയ കുറ്റമാണ്. തനിച്ചായ സ്ത്രീയാവുക അതിലും വലിയ കുറ്റമാണ്. തൻ്റേടിയും അഭിമാനിയും ഏകാകിയും ആയ സ്ത്രീയാവുക എന്നതാണ് ഏറ്റവും വലിയ കുറ്റം എന്ന അജീത് കൗറിൻ്റെ വാക്കുകൾ ഓർത്തു പോകുന്നു,' ശാരദക്കുട്ടി കുറിച്ചു.