കടുത്ത സാമ്പത്തിക പ്രയാസങ്ങളില്‍ കഴിഞ്ഞിരുന്ന താന്‍ ഇന്ന് മറ്റൊരാളെയും ആശ്രയിക്കാതെ സന്തോഷമായി ജീവിക്കുന്നുവെന്ന് തുറന്ന് പറഞ്ഞ് രേണു സുധി. ആറുമാസം മുന്‍പ് വരെ മക്കള്‍ക്ക് എന്തെങ്കിലും വാങ്ങി കൊടുക്കാന്‍ മറ്റുള്ളവരുടെ കയ്യില്‍ നിന്നും കാശ് തെണ്ടേണ്ട അവസ്ഥ ആയിരുന്നുവെന്നും അന്ന് ഒരു 500 രൂപയ്ക്ക് വേണ്ടി കൊതിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറി തനിക്ക് നല്ലൊരു ജീവിത സാഹചര്യമുണ്ടെന്നും അവര്‍ ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
രേണുവിന്‍റെ വാക്കുകളിങ്ങനെ...'എന്റെ പിള്ളേർക്ക് എന്തെങ്കിലും മേടിച്ച് കൊടുക്കാൻ ആരോടെങ്കിലും അഞ്ഞൂറ് രൂപ ചോദിക്കണം എന്ന് വരെ കരുതിയിരുന്നു. പലരും ആ സമയത്ത് സഹായിച്ചു. അഞ്ഞൂറ് ചോദിച്ചപ്പോൾ ആയിരം തന്നവരുണ്ട്. ഒന്നും തരാനില്ലെന്ന് പറഞ്ഞവരുമുണ്ട്. ലക്ഷങ്ങളോ കോടികളോ ഒന്നും എന്റെ കയ്യിൽ ഇല്ല. പക്ഷേ അഞ്ഞൂറ് രൂപയ്ക്ക് വേണ്ടി തെണ്ടേണ്ട അവസ്ഥ ഇന്നില്ല. ആരുടെ മുന്നിലും കൈ നീട്ടാതെ വീട്ടുകാരുടെയും കുഞ്ഞുങ്ങളുടെയും എന്റെയും കാര്യങ്ങൾ നടന്ന് പോകാനുള്ള വരുമാനമുണ്ട്. പണ്ട് എന്റെ അക്കൗണ്ട് സീറോ ബാലൻസിലായിരുന്നു. ഇപ്പോൾ ആ അവസ്ഥ മാറി. ഇഷ്ടംപോലെ വർക്കും ഉണ്ട്'.
'ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത്' എന്ന റീൽ പുറത്തിറങ്ങിയപ്പോഴാണ് ആദ്യമായി രേണുവിന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. എന്നാല്‍ ഇന്ന് ധാരാളം ഷോര്‍ട്ഫിലിമുകളും ഉദ്ഘാടനങ്ങളും പ്രമോഷനുകളുമായി തിരക്കിലാണ് രേണു. ഇതിനിടെ ആദ്യമായി ഒരു ഇന്റർനാഷനൽ ട്രിപ്പും പോയിരുന്നു. ഈ യാത്രയുടെ പേരിലും താരം രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഒരു ബാർ റെസ്റ്റോറന്റിൽ മദ്യപന്മാരുടെ മുന്നിൽ ഡാൻസ് ചെയ്തു എന്നായിരുന്നു പ്രധാന വിമർശനം.
എന്നാല്‍ താനൊരു കലാകാരിയാണെന്നും പാട്ട് പാടുന്നതും ഡാൻസ് ചെയ്യുന്നതുമൊന്നും ഒരു തെറ്റല്ലെന്നും രേണു പറയുന്നു. അതൊരു ഫാമിലി ബാർ റെസ്റ്റോറന്റായിരുന്നു. ഞാൻ എന്റെ മൂത്ത മകനോടും കുടുംബത്തോടും പറഞ്ഞിട്ടാണ് പോയത്. അവർക്ക് ഇല്ലാത്ത എന്ത് പ്രശ്നമാണ് മറ്റുള്ളവർക്ക്? സുധി ചേട്ടൻ ഗൾഫ് പ്രോഗ്രാം കഴിഞ്ഞു വരുമ്പോൾ മക്കൾക്ക് സമ്മാനങ്ങൾ കൊണ്ടുവരുമായിരുന്നു. അപ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന ഒരു സന്തോഷമുണ്ട്. ഇന്ന് എനിക്ക് അവർക്ക് ആ സന്തോഷം തിരികെ നൽകാൻ കഴിയുന്നുണ്ട്. അതിൽപരം മറ്റെന്ത് വേണം എന്നും രേണു ചോദിക്കുന്നു.