വനംവകുപ്പുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ കോന്നി എംഎല്‍എ ജനീഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തു. റേഞ്ച് ഓഫിസറുടെ പരാതിയില്‍ കൂടല്‍ പൊലീസാണ് കേസെടുത്തത്. ചൊവ്വാഴ്ച വൈകിട്ടാണ് കാട്ടാന ഷോക്കേറ്റുമരിച്ച കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാളെ മോചിപ്പിക്കാന്‍ എംഎല്‍എ എത്തിയത്. എംഎല്‍എയ്ക്ക് പൂര്‍ണ പിന്തുണ എന്നാണ് സിപിഎം നിലപാട്.
കഴിഞ്ഞ ചൊവ്വാഴ്ച പാടം ഫോറസ്റ്റ് സ്റ്റേഷനിൽ കടന്നുകയറി ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും കാട്ടാനയെ ഷോക്കടിപ്പിച്ചു കൊന്ന കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ മോചിപ്പിച്ചതിനുമാണ് കേസ്. നടുവത്തുംമൂഴിറേഞ്ച് ഓഫിസർ അരുണിന്‍റെ പരാതിയിലാണ് കൂടല്‍ പൊലീസ് കേസെടുത്തത്. ജോലി തടസപ്പെടുത്തിയതിനും ഭീഷണിക്കുമാണ് കേസ്. ഇന്നലെ രാത്രി പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തത് വാര്‍ത്ത ആയതോടെയാണ് കേസ് എടുത്തത്. അതേസമയം ജനീഷ് കുമാറിന്റെ നക്സലൈറ്റ് പരാമർശം തള്ളിയെങ്കിലും സിപിഎം പൂർണപിന്തുണ പ്രഖ്യാപിച്ചു. നാളെ ഡിഎഫ്ഒ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
എംഎൽഎയുടെ നിലപാടിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനകൾക്ക് കടുത്ത രോഷം ഉണ്ട്. മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും അടക്കം സംഘടനകള്‍ പരാതി നല്‍കി. അതേസമയം കാട്ടാനയെ ഷോക്കടിപ്പിച്ചു കൊന്നവർക്കായുള്ള അന്വേഷണം തുടരുകയാണ്. കാട്ടാനയെ കൊന്നവർക്ക് വേണ്ടി എംഎൽഎ ഇടപെട്ടതിൽ സിപിഎമ്മിൽ തന്നെ എതിരഭിപ്രായമുണ്ടെങ്കിലും ഈ അവസരം പരമാവധി അനുകൂലമാക്കാൻ ആണ് പാർട്ടി തീരുമാനം. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും എംഎല്‍എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.