പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ മോഷണത്തില്‍ ഗുരുതര സുരക്ഷാപ്പിഴവുകള്‍ നിരത്തി പൊലീസ് റിപ്പോര്‍ട്ട്. സ്വര്‍ണം സൂക്ഷിക്കുന്ന സ്ട്രോങ് റൂമിന് മുന്‍വശം സിസിടിവി ഇല്ലെന്നും സെക്യൂരിറ്റി കാവലില്ലെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സ്ട്രോങ് റൂമിന്റെ ഓടുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയില്‍ ആണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശ്രീകോവില്‍ വാതിലിന്റെ അറ്റകുറ്റപ്പണിക്കായി എടുത്ത പതിമൂന്നര പവന് സ്വര്‍ണമാണ് കാണാതെയായത്.
വ്യാഴാഴ്ചയാണ് സംഭവമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. അതീവ സുരക്ഷാ സംവിധാനമുള്ള ലോക്കറില്‍ നിന്നാണ് 105 ഗ്രാമോളം വരുന്ന സ്വര്‍ണം കാണാതെയായത്. സാധാരണയായി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സ്വര്‍ണം തൂക്കി നല്‍കുകയും തിരികെ വയ്ക്കുകയുമാണ് ക്ഷേത്രത്തിലെ പതിവ്. സംഭവത്തില്‍ കരാറുകാരനെയും ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യുന്നത് തുടരും. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫിസര്‍ ഫോര്‍ട്ട് പൊലീസില്‍ പരാതിയുമായി എത്തിയതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്.