സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്സീൻ സുരക്ഷിതമെന്ന് ആരോഗ്യ വകുപ്പിന്‍റെ പഠനഫലം. അഞ്ചു വർഷത്തിനുള്ളിൽ വാക്സീൻ എടുത്ത എല്ലാവരും പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. തലയ്ക്ക് സമീപമുള്ള ഗുരുതര മുറിവുകളാണ് പേവിഷ ബാധയ്ക്ക് കാരണമെന്നാണ് നിഗമനം.

2022ൽ അടുപ്പിച്ചുണ്ടായ പേവിഷ മരണങ്ങളിൽ നാട് വിറങ്ങലിച്ചപ്പോഴാണ് വാക്സീന്റെ കാര്യക്ഷമതയെക്കുറിച്ച് പഠനമാരംഭിച്ചത്. കൊല്ലം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയറ്റ് പ്രഫ ഡോ.എസ്.ചിന്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ അടക്കം 150 ലധികം സാംപിളുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. എല്ലാവരിലും പേ വിഷ വൈറസിനെ  പ്രതിരോധിക്കാനുള്ള ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ട് എന്നായിരുന്നു പഠനഫലം. വാക്സീൻ ഗുണനിലവാരം ഉള്ളതാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഡോ. ചിന്ത പറയുന്നു.

വാക്സീൻ എടുത്തിട്ടും മരണം സംഭവിച്ച കേസുകൾ നാഡികളിലേയ്ക്ക് നേരിട്ട്  വൈറസ് പ്രവേശിച്ചതു കാരണമാണെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. നാഡികളുടെ സാന്ദ്രത കൂടിയ കൈകളുടെ ഭാഗം, മുഖം, തലയോട് ചേർന്ന ഭാഗങ്ങൾ  തുടങ്ങിയ ഇടങ്ങളിൽ ആഴത്തിൽ മുറിവേറ്റതാണ് വൈറസ് പടരാനും പേ വിഷബാധയ്ക്കും  കാരണമെന്നുമാണ് ആരോഗ്യവകുപ്പിൻ്റെ കണ്ടെത്തൽ. ഈ പഠന ഫലം അടിസ്ഥാനപ്പെടുത്തി സമീപകാലത്തുണ്ടായ പേവിഷ മരണങ്ങളിൽ വാക്സീൻ സംബന്ധിച്ച അപാകതകൾ പൂർണമായും തള്ളുകയാണ് ആരോഗ്യ വകുപ്പ്.

ENGLISH SUMMARY:

A recent study by the Health Department confirms that the rabies vaccine is safe and effective, with all individuals vaccinated in the past five years showing immunity. The study, led by Dr. S. Chinta at Kollam Medical College, used over 150 samples to confirm that antibodies against the virus were present in all subjects. The department also clarified that fatalities occurred when the virus entered through severe injuries to areas with high nerve concentration, not due to vaccine failure.