ഓണറേറിയും വര്‍ധനവും വിരമിക്കല്‍ ആനൂകൂല്യവും ആവശ്യപ്പെട്ടുള്ള സമരത്തോട് മുഖം തിരിക്കുന്ന സര്‍ക്കാരിനെതിരെ ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്ര ഇന്ന് കാസര്‍കോട് നിന്നാരംഭിക്കും. 45 ദിവസം നീണ്ടു നില്‍ക്കുന്ന സമരയാത്ര ജൂണ്‍ 17ന് മഹാറാലിയോടെ തിരുവനന്തപുരത്ത് സമാപിക്കും. സെക്രട്ടറിയേറ്റ് പടിക്കലെ സമരം സമാന്തരമായി തുടരും.
മുറുമുറിക്കല്‍ സമരം, മഹാസംഗമം , പൗരസംഗമം, നിയമസഭാ മാര്‍ച്ച് . ഉപരോധം അങ്ങനെ ഒട്ടനവധി സമരപരമ്പരകള്‍ക്കാണ് 84 ദിവസം തലസ്ഥാന നഗരം സാക്ഷിയായത്. ആശമാരുടെ ദുരിതം കാണാത്ത സര്‍ക്കാരിന്‍റെ കണ്ണു തുറപ്പിക്കുകയാണ് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന രാപകല്‍ സമര യാത്രയുടെ ലക്ഷ്യം . കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം എ ബിന്ദു ക്യാപ്റ്റനായ യാത്ര തെരുവില്‍ ഉറങ്ങി ജനപിന്തുണ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത് .
ചര്‍ച്ചകള്‍ക്കായി ഒന്നിലേറെ തവണ ആരോഗ്യ മന്ത്രിയുടെ മുന്നിലെത്തിയ ആശമാര്‍ക്ക് നിരാശയോടെയാണ് മടങ്ങേണ്ടി വന്നത്. മുതലാളിമാരുമായി മാത്രമല്ല തൊഴിലാളികളുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് സമരസമിതി.
പ്രതിപക്ഷനേതാക്കള്‍ ഇടക്കിടെ സമരപ്പന്തലിലെത്തി മടങ്ങുമ്പോഴും സമരം വിജയിപ്പിച്ച് അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആശമാര്‍ക്ക് നല്‍കുന്ന പിന്തുണയില്‍ മെല്ലപ്പോക്കുണ്ട്. സുരേഷ് ഗോപി മഴയത്ത് കോട്ടും കുടയുമായി വന്നതല്ലാതെ കേന്ദ്രസര്‍ക്കാരിന്‍റെ ഉറപ്പുമായി വന്നിട്ടുമില്ല.