സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു. 58 വയസായിരുന്നു മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയാണ്. സാക്ഷരത രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് 2022ലാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത് . 2014 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്നം അവാര്‍ഡ് നേടി.
വായിച്ചു വായിച്ചു സ്വയമൊരു പാഠപുസ്തകമായി മാറിയ കഥയാണു കെ.വി.റാബിയയുടേത്. തിരൂരങ്ങാടിയിൽ കടലുണ്ടിപ്പുഴയുടെ തീരത്ത് വെള്ളിലക്കാട് ഗ്രാമത്തിൽ കരിവേപ്പിൽ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മ ദമ്പതികളുടെ മകൾ ജീവിതത്തിന്റെ നല്ലകാലവും ചെലവഴിച്ചതു വീൽചെയറിലാണ്. പോളിയോ ബാധിച്ച് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു കാലുകൾക്കു ചലന ശേഷി നഷ്ടപ്പെട്ടത്.
പഠനത്തോടുള്ള അടങ്ങാത്ത ആഗ്രഹം കാരണം പത്താം ക്ലാസും പിഎസ്എംഒ കോളജിൽ നിന്ന് പ്രീഡിഗ്രിയും പൂർത്തിയാക്കി. പിന്നീട് ജീവിതം നാലു ചുമരുകൾക്കുള്ളിലൊതുങ്ങിയപ്പോൾ റാബിയ അതിനെയൊരു സർവകലാശാലയാക്കി മാറ്റി. അതിരുകളില്ലാത്ത വായനയായിരുന്നു അവിടുത്തെ പാഠ്യപദ്ധതി. ചലനം സർവീസ് സൊസൈറ്റിയെന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചു പ്രവർത്തിക്കുന്നതിനിടെയാണു നാട്ടിലാകെ അക്ഷര വെളിച്ചം പകരാൻ സാക്ഷരതാ യജ്ഞമെത്തുന്നത്. റാബിയ അതിന്റെ പ്രതീകവും പ്രകാശം പരത്തുന്ന മാതൃകയുമായി.
അക്ഷര സംഘം, വനിതാ സംഘം, പാവങ്ങൾക്കു തൊഴിൽ സംരംഭം എന്നിവയുമായി റാബിയ പുതിയ വഴികളിലൂടെ അതിവേഗം സഞ്ചരിച്ചു. അതിനിടെ, അർബുദത്തിന്റെയും സുഷുമ്നയ്ക്കേറ്റ പരുക്കിന്റെയും രൂപത്തിൽ വെല്ലുവിളികളെത്തി. തീയിൽ കുരുത്തവൾ പക്ഷേ, പ്രതിസന്ധിയുടെ ഒരു വെയിലിലും വാടാൻ തയാറല്ലായിരുന്നു. സ്വപ്നങ്ങൾക്കു ചിറകുകളുണ്ടെന്ന ആത്മകഥ ജീവിതത്തിൽ പ്രചോദനം തേടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഗ്രന്ഥമാണ്. സേവന വഴിയിൽ യുഎൻ ഇന്റർനാഷനൽ അവാർഡ്, ദേശീയ യൂത്ത് പുരസ്കാരം, കണ്ണകി സ്ത്രീ ശക്തി പുരസ്കാരം, ഐഎംഎ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.