11കാരിയായ മകളെ മൂന്നുതവണ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പിതാവിന് മഞ്ചേരി കോടതി 178വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള ആള്‍ തന്നെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ പിതാവ് ഒരു ദയാദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. പ്രതിക്ക് പത്തേമുക്കാല്‍ ലക്ഷം രൂപയുടെ പിഴയും വിധിച്ചിട്ടുണ്ട്. മലപ്പുറം അരീക്കോട് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്..
2022 ജൂണ്‍ മുതല്‍ ഒരു വര്‍ഷത്തിനിടെയാണ് ഈ പിതാവ് 11കാരിയായ മകളെ വീട്ടിനുള്ളില്‍വച്ച് ബലാത്സംഗം ചെയ്തത്. രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ ഇയാള്‍ മകളുടെ അടുത്തുവന്നു കിടക്കും. ഉറങ്ങിക്കിടക്കുന്ന മകളെ പലതും പറഞ്ഞ് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കും, മൂന്നുതവണ ബലാത്സംഗം ചെയ്തു. അമ്മയോട് പറഞ്ഞാല്‍ എല്ലാവരേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. പേടിച്ചരണ്ട കുട്ടി ആദ്യമൊന്നും ആരോടും പറഞ്ഞില്ല. പിന്നീടൊരിക്കല്‍ അമ്മയോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് ഇയാളെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
അതേസമയം സ്വന്തം ചോരയില്‍ പിറന്ന മകളെ മാത്രമല്ല അയല്‍ക്കാരിയായ പെണ്‍കുട്ടിയേയും ഇയാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ട്. ഈ കേസില്‍ പത്ത് വര്‍ഷം തടവും ഇയാള്‍ക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്. ഈ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് മകളെ പീഡിപ്പിച്ച കേസിലെ വിചാരണ നടന്നത്. ബലാത്സംഗം, അതിക്രമിച്ചു കടക്കല്‍, പോക്സോ വകുപ്പുകള്‍ പ്രകാരമാണ് ഇയാളെ ശിക്ഷിച്ചത്. 178 വര്‍ഷം കഠിനതടവ് ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നുളളതുകൊണ്ട് 40 വര്‍ഷമായിരിക്കും ജയില്‍വാസം അനുഭവിക്കേണ്ടി വരിക.