ചേറ്റൂര്‍ ശങ്കരന്‍ നായരെ കോണ്‍ഗ്രസ് അവഗണിച്ചുവെന്ന് ബി.ജെ.പി ആവര്‍ത്തിക്കുന്നതിനിടെ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ പാലക്കാട് മങ്കരയിലെത്തി സന്ദര്‍ശിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ചേറ്റൂരിന്‍റെ പോരാട്ടങ്ങള്‍ മാതൃകയാണെന്നും പുതുതലമുറ അദ്ദേഹത്തെക്കുറിച്ച് ആഴത്തിലറിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കോണ്‍ഗ്രസുകാര്‍ ചേറ്റൂരിനെ അവഗണിച്ചതായി തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എ.ഐ.സി.സി പ്രസിഡന്‍റായിരുന്ന ഏക മലയാളി. നിരവധി സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിത്വം. നേതൃപാടവവും രാജ്യത്തിന് നല്‍കിയ സംഭാവനകളും പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ചേറ്റൂര്‍ വീണ്ടും ചര്‍ച്ചയില്‍ നിറഞ്ഞത്. ചേറ്റൂരിനെ കോണ്‍ഗ്രസുകാര്‍ മറന്നുവെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്‍റിനെ സ്വന്തമാക്കാനുള്ള ബി.ജെ.പി ശ്രമം വിലപ്പോവില്ലെന്നായിരുന്നു കോണ്‍ഗ്രസിന്‍റ് നിലപാട്. ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ സ്മൃതിമണ്ഡപത്തില്‍ ഇരുപാര്‍ട്ടിക്കാരും അനുസ്മരണം സംഘടിപ്പിച്ചതോടെ സംസ്ഥാനത്താകമാനം അനുസ്മരണം വിപുലമാക്കി ചേറ്റൂരിനെ വിട്ടുതരില്ലെന്ന നിലപാടുമായി കോണ്‍ഗ്രസും സജീവമായി. ബി.ജെ.പിയുടെ കൂടുതല്‍ പ്രമുഖര്‍ ചേറ്റൂരിന്‍റെ മങ്കരയിലെ തറവാട് കാണാനെത്തുമെന്ന നേതാക്കളുടെ പ്രതികരണത്തിനിടെയാണ് കേരള ഗവര്‍ണറെത്തിയത്. അഭിമാനമുയര്‍ത്തിയ നേതാവായിരുന്നു ചേറ്റൂരെന്ന് സ്മരിച്ച ഗവര്‍ണര്‍ കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ മറന്നുവെന്ന അഭിപ്രായം തനിക്കില്ലെന്ന് വ്യക്തമാക്കി.
ചേറ്റൂരിന്‍റെ സ്മൃതി നിലനിര്‍ത്താന്‍ ഉചിതമായ സ്മാരകം വേണമെന്ന ആവശ്യമാണ് ബന്ധുക്കള്‍ക്കുള്ളത്. ഇക്കാര്യത്തില്‍ ഇരുപാര്‍ട്ടിക്കാരും കുടുംബാംഗങ്ങള്‍ക്ക് നിറയെ വാഗ്ദാനവും നല്‍കുന്നുണ്ട്. ദേശീയതലത്തില്‍ നിന്നും കൂടുതല്‍ നേതാക്കളെ എത്തിക്കാന്‍ ബി.ജെ.പിയും അവകാശവാദം ഒഴിവാക്കാന്‍ കോണ്‍ഗ്രസും ശ്രമം തുടരുന്നതിനാല്‍ ചേറ്റൂരിനെച്ചൊല്ലിയുള്ള രാഷ്ട്രീയ ബലാബലം കടുക്കുകയാണ്.