വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് നിഷേധിക്കാനാവില്ലെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. വിഴിഞ്ഞം കരാര്‍ ഒപ്പിടുന്നതിനായി പരിശ്രമിച്ചയാളാണ് ഉമ്മന്‍ചാണ്ടി. പിന്നീട് പദ്ധതിക്കുണ്ടായ തടസങ്ങളെല്ലാം നീക്കാന്‍ ഇടപെട്ടത് കേന്ദ്രസര്‍ക്കാരുമാണ്. വിഴിഞ്ഞത്തേത് കടല്‍ക്കൊള്ളയെന്ന് പറഞ്ഞ സിപിഎം അതുമാറ്റിപ്പറയാന്‍ തയ്യാറായിയെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, കേരളത്തിന്‍റെ അഭിമാനവും വികസന സ്വപ്നവുമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖ സമര്‍പ്പണത്തിനായി പ്രധാനമന്ത്രി സ്ഥലത്ത് എത്തിച്ചേര്‍ന്നു. 11 മണിയോടെയാണ് കമ്മിഷനിങ്. ക്ഷണിച്ച രീതിയിലെ അതൃപ്തി വ്യക്തമാക്കി പ്രതിപക്ഷനേതാവ് വിട്ടുനില്‍ക്കുമെങ്കിലും ശശി തരൂര്‍ എംപിയും എം.വിന്‍സെന്‍റ് എംഎല്‍എയും പങ്കെടുക്കും. എന്നാല്‍ ഇരുവര്‍ക്കും പ്രസംഗിക്കാന്‍ അവസരമില്ല. പ്രധാനമന്ത്രിയെക്കൂടാതെ മുഖ്യമന്ത്രിയും വി.എന്‍.വാസവനും മാത്രമാകും പ്രസംഗിക്കുക. ഈഫല്‍ ടവറിന്റെ ഉയരത്തിന്‍റെ അത്ര നീളമുള്ള കൂറ്റന്‍ കപ്പലായ എംഎസ്സി സെലിസ്റ്റിനോ മെരിക്കയാണ് കമ്മീഷനിങ്ങിന്‍റെ ഭാഗമായി വിഴിഞ്ഞത്ത് എത്തിക്കുന്നത്.