chandy-oommen-vizhinjam
  • 'ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ സര്‍ക്കാര്‍ ഭയക്കുന്നു'
  • 'വിഴിഞ്ഞത്തിന്‍റെ പിതാവ് ഉമ്മന്‍ചാണ്ടി'
  • പ്രതിപക്ഷ പ്രതിനിധികള്‍ക്ക് പ്രസംഗിക്കാന്‍ സമയം നല്‍കിയിട്ടില്ല

സംസ്ഥാനത്തിന് ഇന്ന് ചരിത്ര ദിവസമാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. വിഴിഞ്ഞത്ത് ഉമ്മന്‍ചാണ്ടി ഒരു കല്ലുമാത്രമിട്ടെന്ന സിപിഎം പ്രചാരണം പച്ചക്കള്ളമാണ്. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെപ്പോലും ഭയപ്പെടുന്ന സര്‍ക്കാരാണിതെന്നും അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

വിഴിഞ്ഞം തുറമുഖത്തിന്‍റെ പിതാവ് ഉമ്മന്‍ചാണ്ടിയാണെന്നും അദ്ദേഹത്തിന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് തുറമുഖമെന്നും എം.വിന്‍സെന്‍റ് എംഎല്‍എ പ്രതികരിച്ചു. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാതെയാണ് സര്‍ക്കാര്‍ തുറമുഖത്തിന്‍റെ ഉദ്ഘാടനം നടത്തുന്നെതന്നും വിന്‍സന്‍റ് ആരോപിച്ചു. ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൂടാതെ രണ്ടുപേര്‍ക്ക് മാത്രമാണ് പ്രസംഗിക്കാന്‍ അവസരം. പ്രധാനമന്ത്രിക്ക് 45 മിനിറ്റും മുഖ്യമന്ത്രിക്ക് അഞ്ചുമിനിറ്റും തുറമുഖ വകുപ്പ് മന്ത്രി വി.എന്‍.വാസവന് മൂന്ന് മിനിറ്റുമാണ് അനുവദിച്ചിരിക്കുന്നത്. പ്രതിപക്ഷ പ്രതിനിധികളായ ശശി തരൂര്‍എംപിക്കും എംഎല്‍എ എം.വിന്‍സെന്‍റിനും പ്രസംഗത്തിന് സമയം നല്‍കിയിട്ടില്ല. 

സംസ്ഥാനത്തിന്‍റെ അഭിമാനപദ്ധതിയും വികസനസ്വപ്നങ്ങളുടെ സാക്ഷാത്കാരവുമായ തുറമുഖത്തിന്‍റെ കമ്മിഷനിങ് രാവിലെ പതിനൊന്ന് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. മുഖ്യമന്ത്രിയും ഗവര്‍ണറും  മൂന്ന് കേന്ദ്രമന്ത്രിമാരും നാല് സംസ്ഥാന മന്ത്രിമാരും മേയറും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും വേദിയിലുണ്ടാവും. ക്ഷണിച്ച രീതിയിലെ അതൃപ്തി വ്യക്തമാക്കി പ്രതിപക്ഷനേതാവ് വിട്ടുനില്‍ക്കുമെങ്കിലും ശശി തരൂര്‍ എംപിയും എം.വിന്‍സെന്‍റ് എംഎല്‍എയും പങ്കെടുക്കും. 

ദക്ഷിണേഷ്യയിലെ ആദ്യത്തെ സെമി ഓട്ടമേറ്റഡ് തുറമുഖമായ വിഴിഞ്ഞം പ്രതിമാസം ഒരു ലക്ഷം കണ്ടെയ്നറുകള്‍ വരെ കൈകാര്യം ചെയ്ത് ചരക്കുനീക്കത്തില്‍ മുന്‍നിരയിലെത്തിക്കഴിഞ്ഞു. കടല്‍വഴിയുള്ള ചരക്കുനീക്കത്തില്‍ രാജ്യത്ത് പുതുചരിത്രം കൂടിയാണ് വിഴിഞ്ഞം കുറിക്കുന്നത്. പ്രളയവും കോവിഡും കരിങ്കല്‍ ക്ഷാമവും ഉള്‍പ്പെടെ ഒട്ടേറെ പ്രതിസന്ധികളുണ്ടായെങ്കിലും അതെല്ലാം മറികടന്ന് പദ്ധതി യാഥാര്‍ഥ്യമാകുകയായിരുന്നു. 

ENGLISH SUMMARY:

Chandy Oommen slams CPM's claim that former CM Oommen Chandy had no role in Vizhinjam Port, calling it false propaganda. Opposition criticizes exclusion from speaking opportunities at the inauguration.