വിഴിഞ്ഞം യാഥാര്‍ഥ്യമായതിന് പിന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിശ്ചദാര്‍ഢ്യമെന്ന് മുന്‍ എംഡി സുരേഷ് ബാബു. 1991ലെ കരുണാകരന്‍ സര്‍ക്കാര്‍ മുതല്‍ മാറി മാറി വന്ന സര്‍ക്കാരുകളെല്ലാം വിഴിഞ്ഞത്തിനായി പരിശ്രമിച്ചിട്ടുണ്ട്. അതിനാല്‍ ഒരു വ്യക്തിക്കോ സര്‍ക്കാരിനോ മുഴുവന്‍ ക്രഡിറ്റും നല്‍കാനാകില്ല. എങ്കിലും ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലുകള്‍ എടുത്ത് പറയാതിരിക്കാനാകില്ലെന്ന് സുരേഷ് ബാബു മനോരമന്യൂസിനോട് പറഞ്ഞു.
സ്വാതന്ത്ര്യത്തിന് മുമ്പ്, തിരുവിതാംകൂര്‍ രാജവാഴ്ച കാലത്താണ് വിഴിഞ്ഞത്ത് ഒരു രാജ്യന്തര തുറമുഖമെന്ന ആശയം രൂപപ്പെടുന്നത്. സ്വാതന്ത്ര്യാനന്തരം ആ ആശയത്തെ യാഥാര്‍ഥ്യമാക്കാന്‍ ഗൗരവതരമായ ഇടപെടലുകള്‍ക്ക് തുടക്കം കുറിക്കുന്നത് 90കളിലാണ്. 1991ലെ കരുണാകരന്‍ മന്ത്രിസഭയിലെ തുറമുഖ മന്ത്രി എം.വി രാഘവനാണ് അതിന് തുടക്കം കുറിച്ചത്.
2003ലെ ആന്‍റണി സര്‍ക്കാര്‍ ആദ്യമായി പദ്ധതിക്ക് ടെന്‍ഡര്‍ വിളിച്ചെങ്കിലും മുന്നോട്ട് പോയില്ല. 2008 ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ പദ്ധതി നടത്തിപ്പിനായി വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിസില്‍) രൂപീകരിച്ചു. പുതുതായി വിളിച്ച ടെന്‍ഡറില്‍ ചൈനീസ് കമ്പനി വിജയിച്ചെങ്കിലും സുരക്ഷ കാരണങ്ങളാല്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. പക്ഷെ ഏറ്റവും മികച്ച പാക്കേജ് നല്‍കി ഭൂമിയേറ്റെടുക്കല്‍ തുടങ്ങിയതും ലോകബാങ്കിന്‍റെ ഐ.എഫ്.സിയെ പഠനത്തിന് നിയോഗിച്ചതുള്‍പ്പെടേ വി.എസ് സര്‍ക്കാരിന്‍റെ നടപടികള്‍ പദ്ധതിക്ക് വേഗം കൂട്ടി. ഇതിന്‍റെ തുടര്‍ച്ചയായാണ് 2011ല്‍ അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പദ്ധതിയെ ബഹുദൂരം മുന്നോട്ട് കൊണ്ടുപോയത്.
പിന്നാലെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി 2015 ഓഗസ്റ്റ് 17ന് അദാനിയുമായി കരാര്‍ ഒപ്പിട്ടു. 2015 ഡിസംബര്‍ 5ന് തുറമുഖത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. 2016ല്‍ നിര്‍മാണം തുടങ്ങി. ഓഖി, കോവിഡ്, നിര്‍മാണ വസ്തുക്കളുടെ അപര്യാപ്തത, പ്രദേശവാസികളുടെ സമരം.... അങ്ങനെ പ്രതിസന്ധികളുടെ നിര തന്നെയുണ്ടായി. എല്ലാം തരണം ചെയ്ത് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ രണ്ട് പിണറായി സര്‍ക്കാരുകള്‍ നടത്തിയ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു.