റാപ്പർ വേടൻ പ്രതിയായ ലഹരിക്കേസില്‍ കഞ്ചാവിന്‍റെ ഉറവിടം തേടി അന്വേഷണം. ചാലക്കുടി സ്വദേശി ആഷിക്കാണ് കഞ്ചാവ് നൽകിയതെന്നാണ് മൊഴിയെങ്കിലും സംഘം കൂടുതല്‍ പേരില്‍ നിന്ന് ലഹരിമരുന്ന് വാങ്ങിയിരുന്നുവെന്നാണ് നിഗമനം. വേടനും സംഘവും പിടിയിലായത് കഞ്ചാവ് വലിക്കുന്നതിനിടെയാണെന്ന് വ്യക്തമാക്കുന്ന എഫ്ഐആറിന്‍റെ പകര്‍പ്പ് മനോരമ ന്യൂസ് പുറത്തുവിട്ടു. വേടന്‍ പൊലീസിന്‍റെ വലയില്‍ കുരുങ്ങിയതെങ്ങിനെയെന്ന് വ്യക്തമാക്കുന്നതാണ് ഹില്‍പാലസ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍. അതേസമയം, ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്ന് റാപ്പര്‍ വേടന്‍ പ്രതികരിച്ചു. ഞാന്‍ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവര്‍ക്കുമറിയാമെന്നും വേടന്‍. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുംവഴിയായിരുന്നു പ്രതികരണം. അറസ്റ്റിലായ വേടനെ വനംവകുപ്പ് ഉടന്‍ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും.
തിങ്കളാഴ്ച പകല്‍ പതിനൊന്നേമുക്കാലോടെയാണ് ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ എസ്ഐ അഖിലയും സംഘവും വേടന്‍റെ 6H1 ഫ്ലാറ്റിലെത്തുന്നത്. വാതിലില്‍ മുട്ടിയപ്പോള്‍ മുറി തുറന്നത് വേടന്‍റെ മ്യൂസിക്ക് ബാന്‍ഡിലെ അംഗം വൈഷ്ണവായിരുന്നു. മുറിയുടെ അങ്ങേ അറ്റത്തുള്ള ചില്ല് മേശയ്ക്ക് ചുറ്റും എട്ടുപേര്‍ ഇരുന്ന് പുകവലിക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നു. മുറിതുറന്ന വൈഷ്ണവിന്‍റെ കയ്യിലുമുണ്ടായിരുന്നു സിഗരറ്റ് കുറ്റി. മുറി നിറയെ പുകയും കഞ്ചാവിന്‍റെ രൂക്ഷഗന്ധമായിരുന്നുവെന്നും മേശക്ക് മുകളില്‍ പായ്ക്കറ്റില്‍ കഞ്ചാവ് കണ്ടെത്തിയെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഞ്ചാവ് പൊടിക്കാനുള്ള ക്രഷര്‍, ചുരുട്ടി വലിക്കാനുള്ള ഒസിബി പേപ്പര്‍, ത്രാസ് എന്നിവയും മുറിയില്‍ നിന്ന് കണ്ടെത്തി. കിടപ്പുമുറിയിലെ അലമാരകളില്‍ ഒന്നിലാണ് കവറില്‍ ഒന്‍പതരലക്ഷം രൂപ സൂക്ഷിച്ചിരുന്നത്. കട്ടിലിനടിയില്‍ നിന്ന് രണ്ട് കത്തികള്‍ ചെറിയ മഴുവും കണ്ടെത്തിയിരുന്നു.
മൂന്ന് ദിവസമായി വേടനും കൂട്ടരും തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലുണ്ട്. രണ്ട് ദിവസം നീണ്ട നിരീക്ഷണത്തിന് ശേഷമായിരുന്നു വേടന്‍റെ ഫ്ലാറ്റില്‍ പൊലീസിന്‍റെ മിന്നല്‍ പരിശോധന. സിനിമ സംഗീത മേഖലയില്‍ ലഹരിയെത്തിക്കുന്ന കാരിയര്‍മാരുടെ സംഘത്തെ കുറിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വേടനും കൂട്ടര്‍ക്കും ലഹരി എത്തിച്ചു നല്‍കുന്നത് ഈ സംഘത്തിന്‍റെ കണ്ണികളാണെന്ന് പൊലീസ് ഉറച്ച് വിശ്വസിക്കുന്നു. ചാലക്കുടി സ്വദേശി ആഷിക്കിനപ്പുറമുള്ള ലഹരിവിതരണക്കാരെയും കണ്ടെത്താനാണ് പൊലീസിന്‍റെ ശ്രമം.