വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് റിപ്പോർട്ട്. കേന്ദ്ര-സംസ്ഥാന വിഹിതമായി 20 ലക്ഷം രൂപയ്ക്കും, സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും 4 ലക്ഷം രൂപയ്ക്കുമാണ് അർഹത. കാടിനുപുറത്ത് പാമ്പുകടിയേറ്റ് മരിച്ചവരുടെ ആശ്രിതർക്ക് 16 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വിവിധ ഹർജികളിലാണ് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരത്തെ പറ്റി വിശദമായി പരാമർശിക്കുന്നത്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് വിവിധ വകുപ്പുകളിൽ നിന്നും 24 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിനാണ് അർഹത. കേന്ദ്ര സർക്കാരിൽ നിന്നും പത്തുലക്ഷം രൂപയാണ് ലഭിക്കുക.
വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച ചട്ടങ്ങൾ 2018ൽ സംസ്ഥാന സർക്കാർ ഭേദഗതി ചെയ്തിരുന്നു. ഇതുപ്രകാരം 10 ലക്ഷം രൂപ സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കും. മനുഷ്യ-വന്യജീവി സംഘർഷങ്ങളെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് കഴിഞ്ഞ വർഷം മാർച്ച് ഏഴിന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം 4 ലക്ഷം രൂപയും ലഭിക്കും. അതായത് ആകെ 24 ലക്ഷം രൂപ.
വനത്തിന് പുറത്തുവച്ച് പാമ്പുകടിയേറ്റ് മരിച്ചാൽ നഷ്ടപരിഹാരമായി ആശ്രിതർക്ക് 16 ലക്ഷം രൂപ ലഭിക്കണം. കേന്ദ്രസർക്കാരിൽ നിന്നുള്ള 10 ലക്ഷത്തിന് പുറമെ, വനം വകുപ്പിന്‍റെ രണ്ട് ലക്ഷം, സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുള്ള 4 ലക്ഷം എന്നിങ്ങനെയാണ് ആശ്രിതർക്ക് നഷ്ടപരിഹാരം ലഭിക്കേണ്ടത്. മനുഷ്യ വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങളും അമിക്കസ് ക്യൂറി അഡ്വ.എം.പി.മാധവൻകുട്ടി സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലുണ്ട്. ബയോ ഫെൻസിങ്, ഡ്രോൺ നിരീക്ഷണം, സോളാർ ഫെൻസിങ് തുടങ്ങിയ 8 നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മധ്യവേനലവധിക്ക് ശേഷം റിപ്പോർട്ട് പരിഗണിക്കും.