സിഡബ്ല്യുസി ഉദ്യോഗസ്ഥര്‍ക്കൊപ്പം കുഞ്ഞ് (ഫയല്‍ ചിത്രം)
പ്രസവശേഷം നവജാത ശിശുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ചു പോയ ജാർഖണ്ഡ് സ്വദേശികൾ പോലീസ് കസ്റ്റഡിയിൽ. ഉപേക്ഷിച്ച് രണ്ടുമാസത്തിനുശേഷം കുഞ്ഞിനെ ഏറ്റെടുക്കാൻ തിരിച്ചെത്തിയപ്പോഴാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തത്. ആശുപത്രി ബില്ലടക്കാൻ പണമില്ലാത്തതിനാൽ ആണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് മാതാപിതാക്കളുടെ മൊഴി.
കഴിഞ്ഞയാഴ്ച വിഡിയോ കോളിലൂടെ കുട്ടിയെ കണ്ട മാതാപിതാക്കൾ കുഞ്ഞിനെ ഏറ്റെടുക്കണമെന്ന ആഗ്രഹം പോലീസിനെ അറിയിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ കേരളത്തിലെക്ക് മടങ്ങി വരണം എന്നായിരുന്നു പോലീസ് നിർദ്ദേശം. കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ കുറ്റത്തിന് ഇവർക്കെതിരെ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ കേസെടുത്ത കാര്യം അറിയിച്ചിരുന്നില്ല. ഇന്ന് കൊച്ചിയിൽ തിരിച്ചെത്തിയുടൻ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ഏറ്റെടുക്കണമെന്ന ആഗ്രഹം വ്യക്തമാക്കിയ മാതാപിതാക്കൾ, ഉപേക്ഷിക്കാൻ ഉണ്ടായ കാരണവും പറഞ്ഞു.
സിഡബ്ല്യുസിയുടെ സംരക്ഷണയിലുള്ള കുഞ്ഞ് നിലവിൽ അങ്കമാലിയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ സംരക്ഷിക്കാനുള്ള സാമ്പത്തിക ശേഷി മാതാപിതാക്കൾക്ക് ഉണ്ടെങ്കിൽ മാത്രമേ കുഞ്ഞിനെ കൈമാറു. നിധി എന്നാണ് ആരോഗ്യമന്ത്രി കുഞ്ഞിന് നൽകിയ പേര്.