റാപ്പർ വേടന്റെ കൊച്ചി വൈറ്റില കണിയാമ്പുഴയിലെ ഫ്ലാറ്റിൽ ഹിൽപാലസ് പൊലീസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് കണ്ടെത്തി. ഫ്ലാറ്റിൽ വേടനും അദ്ദേഹത്തിന്റെ സംഗീത ട്രൂപ്പിലെ ഒൻപത് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഒരു ഷോയ്ക്ക് പരിശീലനം നടത്താനാണ് ഇവർ ഇവിടെ ഒത്തുചേർന്നതെന്ന് ഹിൽപാലസ് സി.ഐ അറിയിച്ചു. ഹിരൺ ദാസ് മുരളി എന്നാണ് വേടന്റെ യഥാർത്ഥ പേര്.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വേടൻ ലഹരി ഉപയോഗിച്ചതായി സമ്മതിച്ചു. കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ പൊലീസ് ഇത് ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. ഫ്ലാറ്റിൽ നിന്ന് ഒന്‍പതര ലക്ഷം  രൂപയും പൊലീസ് കണ്ടെടുത്തു. ഇതൊരു പരിപാടിക്ക് ലഭിച്ച പ്രതിഫലമാണെന്നാണ് വേടൻ മൊഴി നൽകിയിരിക്കുന്നത്.

പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ആറരഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് തെറുത്ത് വലിക്കാനുള്ള പേപ്പറും മൊബൈലുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. അതേസമയം, കഞ്ചാവ് കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് വേടനെ സർക്കാർ പരിപാടിയിൽ നിന്ന് ഒഴിവാക്കി. ബുധനാഴ്ച ഇടുക്കിയിൽ നടക്കുന്ന സർക്കാർ വാർഷിക പരിപാടിയിലാണ് അദ്ദേഹത്തിന് അവസരം നിഷേധിച്ചത്. 

ENGLISH SUMMARY:

Hill Palace Police conducted a raid at rapper Vedan's flat in Kochi and seized cannabis. The police are investigating the incident further.