jail-dig-02

TOPICS COVERED

കൈക്കൂലിക്കേസില്‍ പ്രതിയായ ജയില്‍ ഡി.ഐ.ജി എം.കെ.വിനോദ് കുമാറിന്‍റെ വഴിവിട്ട ഇടപാടുകള്‍ക്ക് ഉന്നതരുടെ തുണ. വിനോദ്കുമാര്‍ അധികാര പരിധിക്ക് പുറത്തുള്ള ജയിലുകളില്‍ അനധികൃത സന്ദര്‍ശനം നടത്തിയിരുന്നു. രാത്രികാല സന്ദര്‍ശനങ്ങള്‍ പലതും തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങാനെന്നാണ്  സംശയം. ഇക്കാര്യം ചൂണ്ടിക്കാട്ടി മറ്റ് ഡി‌ഐ‌ജിമാര്‍ നല്‍കിയ റിപ്പോര്‍ട്ട് ജയില്‍ മേധാവി പൂഴ്ത്തിയതിന്‍റെ തെളിവുകള്‍ മനോരമ ന്യൂസിന് ലഭിച്ചു. അതിനിടെ, വിനോദ് കുമാറിനെതിരായ അഴിമതികേസില്‍ ആഭ്യന്തര സെക്രട്ടറിക്ക് ​വിജിലന്‍സ് ഡയറക്ടര്‍  റിപ്പോര്‍ട്ട് നല്‍കി. കേസ് ഗുരുതരമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ സസ്പെന്‍ഷനും ശുപാര്‍ശയുണ്ട്.

എം.കെ.വിനോദ് കുമാര്‍ സ്വാധീനമുള്ള ഉദ്യോഗസ്ഥനെന്നാണ് പൊതുവെ അറിയപ്പെടുന്നത്. സി.പി.എമ്മിന്‍റെ പിന്തുണയുള്ളയാളെന്നും. ഈ പിന്തുണയുടെ മറപിടിച്ചാണ് കൈക്കൂലി ഇടപാടും ക്രിമിനലുകള്‍ക്ക് ലഹരി എത്തിച്ചതടക്കമുള്ള മറ്റ് വഴിവിട്ട ഇടപാടുകളും. ജയില്‍ ആസ്ഥാനത്തെ ഡിഐ‌ജിക്ക് മറ്റ് ജയിലുകള്‍ സന്ദര്‍ശിക്കാനോ പരിശോധിക്കാനോ അധികാരമില്ല.

പക്ഷെ വിനോദ് 2022ല്‍ മൂവാറ്റുപുഴ, പൊന്‍കുന്നം, കോട്ടയം സബ് ജയിലുകളില്‍ ഉദ്യോഗസ്ഥരെ അറിയിക്കാതെ സന്ദര്‍ശിച്ചു. പലതും രാത്രികളില്‍.  ജയിലിലെത്തും ചില തടവുകാരെ കാണും അരമണിക്കൂര്‍ കൊണ്ട് തിരികെ പോകും. ഇതായിരുന്നു പതിവ്. ഈ നടപടി ചട്ടലംഘനവും സംശയാസ്പദവുമാണെന്ന് അന്ന് തന്നെ മറ്റ് ഡി.ഐ.ജിമാര്‍ ചൂണ്ടിക്കാട്ടി. 

മധ്യമേഖല ഡി.ഐ.ജിയായിരുന്ന പി.അജയകുമാര്‍ ഇതു സംബന്ധിച്ച്  ജയില്‍ മേധാവിക്ക് കത്ത് നല്‍കിയിരുന്നു. മൂന്നുവട്ടം അദ്ദേഹം  വിനോദിന്‍റെ വഴിവിട്ട ഇടപാട് ചൂണ്ടിക്കാണിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല. ഈ സന്ദര്‍ശനങ്ങളെല്ലാം തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങാനുള്ള യാത്രയായിരുന്നൂവെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. ഇതൂകൂടാതെ സെല്ലിനുള്ളില്‍ ലഹരി ഉപയോഗിക്കാനുള്ള അനുമതി നല്‍കാമെന്ന പേരിലും വിനോദ്കുമാര്‍ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തല്‍. 2022 മുതലുള്ള വിനോദ് കുമാറിന്‍റെ ഇടപാട് അന്വേഷിക്കും. വിനോദ്കുമാറിന്‍റെയും ഭാര്യയുടെയും അക്കൗണ്ട് വിവരങ്ങള്‍ തേടി വിജിലന്‍സിന് കത്ത് നല്‍കി. ഫോണ്‍വിളി വിവരങ്ങളും പരിശോധിക്കുന്നുണ്ട്.

ENGLISH SUMMARY:

Serious allegations have emerged against Jail DIG M.K. Vinod Kumar, an accused in a bribery case. Evidence suggests senior officials suppressed reports highlighting his unauthorised prison visits. Vinod Kumar allegedly made night-time visits to jails outside his jurisdiction to collect bribes from inmates. Vigilance suspects he also took bribes to permit drug use inside prison cells. The Vigilance Director has submitted a report to the Home Secretary calling the case grave. Suspension of the officer has been recommended, and a detailed probe into his finances and call records is underway.