ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകര്‍ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ലഹരിക്കേസില്‍ പിടിയിലായതിന് പിന്നാലെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക വ്യക്തമാക്കിയിരുന്നു. പുലര്‍ച്ചെയോടെയാണ് ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്‍റെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും ഇരുവരും പിടിയിലായത്. ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദും പിടിയിലായിരുന്നു. അറസ്റ്റിന് ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടിരുന്നു. അതേസമയം, കേസില്‍ സമീര്‍ താഹിറിനെയും ചോദ്യം ചെയ്യുമെന്നും ആവശ്യമെങ്കില്‍ പ്രതി ചേര്‍ക്കുമെന്നും എക്സൈസ് അറിയിച്ചു. ലഹരി ഉപയോഗിക്കാന്‍ സ്ഥലസൗകര്യം ഒരുക്കിനല്‍കുന്നതും കുറ്റമാണെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.എം. മജു പറഞ്ഞു. 

സംവിധായകര്‍ക്ക് കഞ്ചാവെത്തിച്ച് നല്‍കിയത് ഷാലിഫാണെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. ഷാലിഫില്‍ നിന്ന് നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗം പുതിയ ട്രെന്‍ഡിലേക്ക് മാറുന്നുവെന്നാണ് എക്സൈസ് നിഗമനം. സിന്തറ്റിക് ലഹരിയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവിലേക്കാണ് മാറ്റമെന്നും എക്സൈസ് പറയുന്നു. 

ആലപ്പുഴ ജിംഖാന, തല്ലുമാല തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്‍റെ വഴി, തുടങ്ങിയവയാണ് അഷ്റഫ് ഹംസ സംവിധാനം ചെയ്ത സിനിമകള്‍. പിടിയിലായ സംവിധായകര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്നും രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സിനിമ ചര്‍ച്ചകള്‍ക്കായി ഫ്ലാറ്റിലെത്തിയപ്പോഴായിരുന്നു ലഹരി ഉപയോഗം. 

ENGLISH SUMMARY:

FEFKA Directors' Union suspends filmmakers Khalid Rahman and Ashraf Hamza after their arrest with hybrid cannabis. Excise to question cinematographer Sameer Thahir regarding the case.