പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന്റെ ഭൗതിക ദേഹം കൊച്ചിയിൽ എത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ നൂറ് കണക്കിന് പേർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. വിദേശത്തുള്ള സഹോദരൻ നാട്ടിൽ എത്തിയ ശേഷം വെള്ളിയാഴ്ച സംസ്കരിക്കും.
കുടുംബവുമൊത്തു സന്തോഷമുള്ള നിമിഷങ്ങൾ പങ്കു വക്കാൻ കാശ്മീരിൽ എത്തിയ രാമചന്ദ്രൻ ചേതനയറ്റ ശരീരമായാണ് നാട്ടിൽ തിരികെ എത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നൂറ് കണക്കിന് ആളുകൾ രാമചന്ദ്രന്റെ ബൗതിക ദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി, സംസ്ഥാന സർക്കാർ പ്രതിനിധിയായി മന്ത്രി പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജില്ലാകളക്ടർ എൻ എസ് കെ ഉമേഷ് എന്നിവർ അദ്ദേഹത്തിന് പുഷ്പ ചക്രം അർപ്പിച്ചു,
കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ് രാമചന്ദ്രന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് സംസ്കാരം. വെള്ളി രാവിലെ ഏഴ് മുതൽ ഒൻപത് വരെ ചങ്ങമ്പുഴ പാർക്കിലും ഒന്പതരമുതൽ വീട്ടിലും പൊതു ദർശനം ഉണ്ടാകും. കൊച്ചിയിൽ എത്തിയ ശേഷമാണ് ഭാര്യ ഷീല രാമചന്ദ്രനെ മരണ വിവരം അറിയിച്ചത്.