pope-francis-orthodox-sabha

സഭയുടെ ഭരണകര്‍ത്താവിനപ്പുറം ഇന്ത്യയിലെ സഭാ സമൂഹങ്ങളോട് എന്നും കരുതലും സ്നേഹവും ആഴത്തില്‍ പ്രകടിപ്പിച്ചിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രൈസ്തവ വിശ്വാസികളുടെ ഹൃദയത്തിൽ വലിയ ദുഖം ഉളവാക്കിക്കൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ യാത്രപറയുന്നതെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ. ക്രൈസ്തവ സഭകളുടെ കൈവഴികളിലെ തേജസ്സാർന്ന നേതൃമുഖങ്ങളിലൊന്നാണ് മാർപാപ്പയുടെ വിടവാങ്ങലോടെ അസ്തമിക്കുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ദർശനങ്ങളുടെ വെളിച്ചം ലോകമെങ്ങും ബാക്കിയാകുക തന്നെ ചെയ്യും എന്നദ്ദേഹം പറഞ്ഞു. 2023 ൽ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഓർമ്മയും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ പങ്കുവെച്ചു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ഐക്യപ്പെടലിന്റെ ആർദ്ര സ്വരം

ക്രൈസ്തവ വിശ്വാസികളുടെ ഹൃദയത്തിൽ വലിയ ദു:ഖം ഉളവാക്കിക്കൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ യാത്രപറയുന്നത്. വലിയ ഇടയനെ നഷ്ടമായ കത്തോലിക്കാസഭയുടെ വേദനയിൽ പങ്കുചേരുന്നു.

മാർപാപ്പയുമായി 2023-ൽ നടത്തിയ കൂടിക്കാഴ്ച്ചയാണ് ഈ സന്ദർഭത്തിൽ ആദ്യം ഓർക്കുന്നത്. അന്ന് അദ്ദേഹം എന്നെ വിളിച്ചത് 'പ്രിയപ്പെട്ടവനെന്നും, ദീർഘകാലമായി കാത്തിരുന്ന സഹോദരനെ'ന്നുമാണ്. അന്നുണ്ടായത് വീട്ടിലേതുപോലുള്ള സ്നേഹാശ്ലേഷത്തിന്റെ ഊഷ്മളമായ അനുഭവമാണ്.

അന്ന്, രണ്ടാംവത്തിക്കാൻ കൗൺസിലോടെ ആരംഭിച്ച സഭാഐക്യത്തെക്കുറിച്ച് പറഞ്ഞ പാപ്പ പരിശുദ്ധ ബസേലിയോസ് ഔ​ഗൻ ഒന്നാമനും വിശുദ്ധപോൾ ആറാമനുമായുളള കൂടിക്കാഴ്ച്ചയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ഒന്നാമനും വിശുദ്ധ ജോൺപോൾ രണ്ടാമനുമായുള്ള കൂടിക്കാഴ്ച്ചയും പരാമർശിച്ചു. ആ വേളയിൽ  പാപ്പ പറഞ്ഞ വാചകങ്ങൾ ഇന്നും മനസ്സിലുണ്ട്:  'ക്രിസ്തുവിന്റെ ശരീരത്തിന്റെ മുറിവുകളെക്കുറിച്ചുള്ള അനുഭവത്തിൽ നിന്ന് വിശുദ്ധ തോമസിന്റെ വിശ്വാസം വേർതിരിക്കാനാകാത്തതായിരുന്നു. ചരിത്രത്തിലുടനീളം ക്രിസ്ത്യാനികളായ നമുക്കിടയിൽ സംഭവിച്ചിട്ടുള്ള വിഭജനങ്ങൾ ക്രിസ്തുവിന്റെ ശരീരമായ സഭയിൽ ഏല്പിച്ച വേദനാജനകമായ മുറിവുകളാണ്.'

അഭിവന്ദ്യ പാപ്പായെ ഓർമയിൽ അനശ്വരനാക്കി നിർത്തുന്നതിന് കാരണമായ പലതിൽ ഏറ്റവും  പ്രധാനം ഇങ്ങനെ  ക്രൈസ്തവ ഐക്യത്തിനായി അദ്ദേഹം നടത്തിയ സ്നേഹദൗത്യങ്ങളാണ്. എപ്പോഴും അങ്ങനെയൊരു ഐക്യപ്പെടലിന്റെ സന്ദേശവാഹകനായിരുന്നു പാപ്പ. ക്രൈസ്തവസഹോദരങ്ങളുടെ ഒരുമയെ പ്രകീർത്തിച്ചാണ് സദാ സംസാരിച്ചിരുന്നതും. 

ഈവർഷം ഫെബ്രുവരിയിൽ, ക്രൈസ്തവസഭകളുടെ ഐക്യത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ നേതൃത്വത്തില്‍ നടന്ന അഞ്ചാമത് കത്തോലിക്കാ-പൗരസ്ത്യഓര്‍ത്തഡോക്‌സ് സഭാസംഗമത്തെക്കുറിച്ചും ഓർത്തുപോകുന്നു. അതിൽ പങ്കുചേരാനെത്തിയവരെ സ്വീകരിക്കവേ മാർപാപ്പ പ്രധാനമായും  പറഞ്ഞത് ഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ്.  അര്‍മേനിയന്‍, കോപ്റ്റിക്, എത്യോപ്യന്‍, എരിത്രിയൻ തുടങ്ങിയ സഭകളിൽ നിന്നുള്ളവർക്കൊപ്പം മലങ്കരസഭയിൽ നിന്നുള്ള യുവവൈദികരും സന്യസ്ത്യരും സം​ഗമത്തിൽ പങ്കെടുത്തിരുന്നു. അന്നത്തെ മാർപാപ്പയുടെ പ്രഭാഷ‌ണം മലങ്കര ഓർത്തഡോക്സ് സഭ അഭിമാനത്തോടെ സ്മരിക്കുന്നു. അര്‍മേനിയന്‍ സഭയിലും,  മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലും നടന്ന സമാനമായ പഠനസന്ദര്‍ശനസംഗമങ്ങളെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു. കൈമാറ്റസ്വഭാവമുള്ള ഇത്തരം പലവിധ കൂടിച്ചേരലുകൾക്ക് നന്ദി പറയുകയും ചെയ്തു. കാരുണ്യസംവാദങ്ങളെയും സത്യസംവാദങ്ങളെയും ഒരുമിച്ചുകൊണ്ടുപോകുന്ന ഐക്യത്തിന് മുന്നിൽ പ്രണമിച്ചുകൊണ്ടായിരുന്നു മാർപാപ്പയുടെ വാക്കുകൾ.

പ്രഥമ എക്യൂമെനിക്കല്‍ കൗണ്‍സിലായ നിഖ്യ സുന്നഹദോസിന്റെ ആയിരത്തി എഴുനൂറാം വാര്‍ഷികം ആചരിക്കപ്പെടുന്ന അവസരത്തിലായിരുന്നു ആ സം​ഗമം. 'നിഖ്യായുടെ വാർഷികം നമ്മൾ ഒരുമിച്ച് ആഘോഷിക്കു'മെന്ന് പാപ്പ 2023-ലെ കൂടിക്കാഴ്ചയിൽ പറഞ്ഞത് സത്യമായി ഭവിക്കുകയായിരുന്നു.  ക്രൈസ്തവര്‍ക്ക് പൊതുവായുള്ള വിശ്വാസപ്രമാണം പ്രഖ്യാപിച്ചത് ഈ കൗണ്‍സിലാണെന്ന് ഓർമിപ്പിച്ചപ്പോൾ അദ്ദേഹം ലളിതമായി പറഞ്ഞുവച്ചത് ക്രൈസ്തവഐക്യത്തെക്കുറിച്ചുതന്നെ. അതിനൊപ്പം തന്നെ വിശ്വാസപ്രമാണങ്ങളിലൂന്നിനിന്നുകൊണ്ട് ആഴത്തിൽ അതിനെ വ്യാഖ്യാനിക്കുകയും ചെയ്തു. വിശ്വാസത്തിന്റെ അടയാളം' എന്നതിന്റെ ദൈവശാസ്ത്ര, സഭാശാസ്ത്ര, ആധ്യാത്മിക പ്രാധാന്യങ്ങളെക്കുറിച്ചായിരുന്നു പ്രഭാഷണത്തിലെ പ്രധാന ഉദ്ബോധനം. വിശ്വാസപ്രമാണം ചൊല്ലുമ്പോള്‍, എല്ലാ പാരമ്പര്യങ്ങളിലുമുള്ള ക്രൈസ്തവരോടുള്ള ഐക്യം നാം അനുഭവിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന മാർപാപ്പയുടെ വചനം എല്ലാവരെയും ഒന്നായിക്കാണുന്ന മഹാപുരോഹിതന്റെ പ്രത്യാശയായിരുന്നു. 'പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലുമുള്ള വിശ്വാസം ആത്മാവിലുള്ള ഐക്യത്തില്‍ ഏറ്റുപറയുന്നതിനായി നമുക്ക് പരസ്പരം സ്‌നേഹിക്കാം' എന്ന് പൗരസ്ത്യസഭാആരാധനക്രമത്തിലെ പ്രാര്‍ത്ഥന പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം മുന്നേ എഴുതിയിട്ടുമുണ്ട്.

ക്രിസ്തു അലിവിന്റെ ആൾരൂപമാണ്. മനുഷ്യസ്നേഹം എന്ന വാക്കിന്റെ എക്കാലത്തെയും വലിയ സ്വരൂപവും.  ക്രിസ്തു ജീവിതംകൊണ്ട് പഠിപ്പിച്ച മനുഷ്യപ്പറ്റിന്റെ നീരുറവകൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു  കത്തോലിക്കാ സഭയുടെ നാഥൻ എന്ന നിലയിലുള്ള മാർപാപ്പയുടെ സഞ്ചാരം. മനുഷ്യസ്നേഹിയായ മാർപാപ്പയ്ക്ക് അതുകൊണ്ടുതന്നെ മനസ്സുകളിൽ മരണവുമില്ല.

മനുഷ്യക്കടത്ത് എന്ന ആധുനിക അടിമത്തെക്കുറിച്ചുള്ള നിലപാടുകൾ അപരനുവേണ്ടിയുള്ള ആലോചനകളുടെ ഒരു ഉദാ​​ഹരണം മാത്രം. മനുഷ്യക്കടത്തിനെ കേവലമായ ലാഭക്കൊതിയുടെ അടയാളമായല്ല മാർപാപ്പ കണ്ടത്. യുദ്ധവും ക്ഷാമവും മുതൽ കാലാവസ്ഥാവ്യതിയാനം വരെയുള്ള ആ​ഗോളവ്യാപകമായ പ്രതിഭാസങ്ങളുടെ അനന്തരഫലമായി വിലയിരുത്തിക്കൊണ്ടാണ് അദ്ദേഹം അതിനുള്ള പോംവഴി തേടിയത്. മനുഷ്യക്കടത്തിനെതിരെ ലോകമെങ്ങുമുള്ള പ്രതിരോധപ്രവർത്തങ്ങൾക്കും പ്രതികരങ്ങൾക്കുമായിരുന്നു പാപ്പയുടെ ആഹ്വാനം.

രോ​ഗബാധിതനായി ആശുപത്രിയിലാകും മുമ്പ് അദ്ദേഹം ഒപ്പുവച്ച ഒരു കത്തിൽ പുരണ്ടതും ഇതേ ആർദ്രത തന്നെ. മാനവികതയുടെ മഷിപ്പാത്രത്തിൽ മുക്കിയാണ് അദ്ദേഹം ആ ഒപ്പിട്ടത്. അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും അവകാശസംരക്ഷണത്തിനായുള്ള അമേരിക്കൻ കത്തോലിക്കാസഭയുടെ ശ്രമങ്ങൾക്കുള്ള പിന്തുണ ഒരു കത്തിലൂടെ അറിയിക്കുകയായിരുന്നു മാർപാപ്പ.

ക്രൈസ്തവസഭകളുടെ കൈവഴികളിലെ തേജസ്സാർന്ന നേതൃമുഖങ്ങളിലൊന്നാണ് മാർപാപ്പയുടെ വിടവാങ്ങലോടെ അസ്തമിക്കുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ദർശനങ്ങളുടെ വെളിച്ചം ലോകമെങ്ങും ബാക്കിയാകുക തന്നെ ചെയ്യും.

ENGLISH SUMMARY:

Pope Francis's legacy of love, unity, and deep humanity is honored by Catholicos Baselios Marthoma Mathews III. From church unity to global justice, his visions remain alive beyond death.