ഏറ്റുമാനൂർ നീറിക്കാട് അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ ചർച്ചയായി അഡ്വ ജിസ്മോളുടെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റ്. 'പെൺമക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല / മനസ് തുറന്ന് സ്നേഹിക്കുന്ന മനുഷ്യരുള്ള വീട്ടിലേക്കാണെന്നു'മായിരുന്നു ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. 2020 സെപ്റ്റംബർ 25 അഡ്വ ജിസ്മോൾ ഫെയിസ്ബുക്കിൽ പങ്കുവെച്ചതാണ് ഈ കുറിപ്പ്.
2019-ൽ ആയിരുന്നു കഴിഞ്ഞ ദിവസം മക്കളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത ജിസ് മോളുടെ വിവാഹം. വിവാഹം കഴിഞ്ഞ നാൾ മുതൽ മകൾ മാനസിക പീഡനം നേരിട്ടിരുന്നതായും ജിസ്മോളെ ഭർത്താവ് ജിമ്മി മുൻപ് മർദിച്ചിട്ടുണ്ടായിരുന്നുവെന്ന് പിതാവ് പി. കെ.തോമസ് പറഞ്ഞു. ജിമ്മിയുടെ അമ്മയും സഹോദരിയും വീട്ടിൽ കടുത്ത മാനസിക പീഡനം നടത്തിയിരുന്നതായും കുടുംബം പറഞ്ഞു
മരിക്കുന്നതിന് രണ്ട് ദിവസങ്ങൾക്ക് മുൻപ് ജിസ്മോൾ സഹോദരൻ ജിറ്റുവിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഏറെ ശുഭാപ്തി വിശ്വാസത്തോടെ സംസാരിച്ച് ഫോൺ വെച്ച ജിസ്മോളുടെയും മക്കളുടെയും മരണവാർത്തയാണ് പിന്നാലെ കുടുംബം കേട്ടത്. മകൾക്കും മകളുടെ കുഞ്ഞുങ്ങൾക്കും നീതി കിട്ടാൻ ഏതറ്റം വരെയും പോകാനാണ് കുടുംബത്തിന്റെ തീരുമാനം. ഭർതൃ വീട്ടുകാർക്കെതിരെ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകും.