പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാർഥന്‍റെ മരണത്തില്‍ പ്രതികളായ 19 വിദ്യാര്‍ഥികളെ പുറത്താക്കി. വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുത്തതെന്ന് സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു.
സിദ്ധാര്‍ഥന്‍റെ അമ്മ എം.ആര്‍.ഷീബ നല്‍കിയ അപ്പീലിലാണ് കേസിലെ പ്രതികളായ 19 വിദ്യാർഥികളെ പുറത്താക്കിയെന്ന് സർവകലാശാല അറിയിച്ചത്. ഇന്ന് വിഷയം പരിഗണിച്ചപ്പോൾ റാഗിങ് വിരുദ്ധ സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ 19 വിദ്യാർഥികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി സർവകലാശാല പറഞ്ഞു. ഇവരെ പുറത്താക്കിയെന്ന് വ്യക്തമാക്കികൊണ്ടുള്ള റിപ്പോർട്ടും സർവകലാശാല സമർപ്പിച്ചു.
19 പേര്‍ക്ക് മറ്റ് കാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്തായിരുന്നു സിദ്ധാർത്ഥന്‍റെ അമ്മയുടെ അപ്പീൽ. 18 വിദ്യാര്‍ഥികളെ മണ്ണുത്തി കാമ്പസില്‍ പ്രവേശിപ്പിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ്. ഇതിനെതിരായ സർവകലാശാലയുടെ പുനഃപരിശോധന ഹർജിയും സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് എം.ആര്‍.ഷീബ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. 19 പേർക്കെതിരെ നടപടിയെടുത്തെന്ന സർവകലാശാലയുടെ മറുപടി പരിഗണിച്ച കോടതി അപ്പീൽ തീർപ്പാക്കി.
2024 ഫെബ്രുവരി 18നാണ് ബിരുദ വിദ്യാര്‍ഥിയായ ജെഎസ് സിദ്ധാര്‍ത്ഥനെ സര്‍വകലാശാല ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ റാഗിങ്ങിന് പിന്നാലെ സിദ്ധാർഥൻ ജീവനൊടുക്കുകയായിരുന്നു എന്നാണ് നിഗമനം.