വിഡിയോയില്‍ നിന്നുള്ള ചിത്രം

  • കര്‍ണാടക ഡിജിപിക്ക് സസ്പെന്‍ഷന്‍
  • നടപടി അശ്ലീലവിഡിയോ പുറത്തുവന്നതിനു പിന്നാലെ
  • അത് ബെളഗാവി കാലത്തെ വിഡിയോ എന്ന് ഡിജിപി

 ഓഫീസ് മുറിയില്‍ സ്ത്രീകള്‍ക്കൊപ്പമുള്ള അശ്ലീലവിഡിയോ പ്രചരിച്ചതിനു പിന്നാലെ കര്‍ണാടക ഡിജിപി രാമചന്ദ്രറാവുവിന് സസ്പെന്‍ഷന്‍. തിങ്കളാഴ്ച്ചയാണ് ഡിജിപിയുടെ ഓഫീസ് മുറിയില്‍വച്ച് ഒന്നിലധികം സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പ്രചരിച്ചത്. നിലവില്‍ സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റിന്റെ ചുമതല വഹിക്കുന്ന ഡിജിപി യൂണിഫോമില്‍ യുവതികളെ ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

തീര്‍ത്തും തെറ്റായതും കെട്ടിച്ചമച്ചതുമായ ദൃശ്യങ്ങള്‍ എന്നായിരുന്നു റാവുവിന്റെ പ്രതികരണം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതും സര്‍ക്കാരിനെയാകെ നാണംകെടുത്തിയ സംഭവവുമെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. നിയമവിരുദ്ധമായ പെരുമാറ്റമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അന്വേഷണ വിധേയമായാണ് രാമചന്ദ്രറാവുവിനെ സസ്പെന്റ് ചെയ്തിരിക്കുന്നത്. അതേസമയം തന്നെ സസ്പെന്‍ഷന്‍ കാലയളവില്‍ സര്‍ക്കാറിന്റെ അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. Also Read: ഓഫീസ് മുറിയില്‍ സ്ത്രീകളെ കെട്ടിപിടിച്ചും ചുംബിച്ചും ഡിജിപി; അശ്ലീല വിഡിയോ പുറത്ത്

ദൃശ്യങ്ങള്‍ പ്രചരിച്ചതിനു തൊട്ടുപിന്നാലെ ഡിജിപി ആഭ്യന്തര മന്ത്രി ജി.പരമേശ്വരയെ കാണാനെത്തിയിരുന്നെങ്കിലും അദ്ദേഹം അനുമതി നല്‍കിയിരുന്നില്ല. ‘ഞാന്‍ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിപ്പോയി, തീര്‍ത്തും കെട്ടിച്ചമച്ച നുണപ്രചാരണം, ഇതെങ്ങനെ സംഭവിച്ചുവെന്നാണ് ഞാന്‍ ചിന്തിക്കുന്നത്, ഈ കാലത്ത് ആര്‍ക്കെതിരേയും എന്തും ചെയ്യാമെന്നതിന്റെ ഉദാഹരണമാണിത്’– ഇതായിരുന്നു വിഡിയോയെക്കുറിച്ച് ഡിജിപിയുടെ മറുപടി.

അതേസമയം ഇത് പഴയ വിഡിയോ ആണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പഴയതെന്നു പറഞ്ഞാല്‍ എട്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ബെളഗാവിയില്‍ ഉണ്ടായിരുന്ന സമയത്തേതെന്ന് കൂടി ഡിജിപി മറുപടി പറയുന്നുണ്ട്. പല സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള 47 സെക്കന്റ് വിഡിയോയാണ് പ്രചരിച്ചത്. 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് രാമചന്ദ്ര റാവു. നേരത്തേ വളര്‍ത്തുമകള്‍ രന്യ റാവുവിന്റെ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ടും നോട്ടപ്പുള്ളിയായിരുന്നു രാമചന്ദ്ര റാവു. ഈ കേസില്‍ വിമാനത്താവളത്തിലെ പരിശോധന മറികടക്കാന്‍ സഹായിച്ചതിന് രാമചന്ദ്രറാവുവിനെ സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയിലയച്ചിരുന്നു. അടുത്തിടെയാണ് സര്‍വീസില്‍ തിരിച്ചെത്തിയത്. അടുത്ത മേയില്‍ വിരമിക്കാനിരിക്കേയാണ് പുതിയ വിഡിയോ പുറത്തുവരുന്നത്.

 
ENGLISH SUMMARY:

Karnataka DGP suspension follows the circulation of an explicit video. The suspension comes in response to the circulation of an explicit video allegedly featuring him in compromising situations, leading to an investigation and his removal from duty.