എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image

പത്തുവര്‍ഷമായി കിടപ്പുരോഗിയായ ഭര്‍ത്താവ്. മക്കളില്ല, ഉറ്റബന്ധുക്കളുമില്ല. ബെംഗളൂരുവിലെ നെലമംഗലയിലുള്ള പീറ്റ് സ്ട്രീറ്റിലെ വീട്ടില്‍ 69 വയസുള്ള ശോഭയും ഭര്‍ത്താവും മാത്രമായിരുന്നു താമസം. ബഹളങ്ങളില്ലാത്ത ജീവിതം. പക്ഷേ വ്യാഴാഴ്ച രാവിലെ ശോഭയുടെ ഭര്‍ത്താവിന് പതിവ് ഫിസിയോ തെറപ്പി നല്‍കാനെത്തിയ ഡോക്ടര്‍ കതക് തുറന്നപ്പോള്‍ ഞെട്ടിത്തരിച്ച് അലറിവിളിച്ചു. അനങ്ങാന്‍ കഴിയാതെ കിടക്കുന്ന ഭര്‍ത്താവിനരികെ അതേ കിടക്കയില്‍ ശോഭയുടെ കഴുത്തറ്റ ശരീരം! ചോരയില്‍ കുളിച്ച കിടക്കയും വസ്ത്രങ്ങളും. തറയില്‍ ചോരക്കളം. 

ഫിസിയോ തെറപ്പിസ്റ്റിന്‍റെ കരച്ചില്‍ കേട്ട് ഓടിയെത്തിയവര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് പാഞ്ഞെത്തി. പ്രാഥമിക പരിശോധനയില്‍ത്തന്നെ മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകം എന്ന് വ്യക്തമായി. ശോഭ ധരിച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഒട്ടുംവൈകാതെ പൊലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. ഭര്‍ത്താവിനോട് സംസാരിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളും സമീപത്തെ സിസിടിവി ദൃശ്യങ്ങളും പ്രതിയിലേക്ക് വിരല്‍ ചൂണ്ടി. സിസിടിവി പിന്തുടര്‍ന്ന പൊലീസ് രാത്രിയോടെ പ്രതിയെ പിടികൂടി.

ശോഭയും ഭര്‍ത്താവും താമസിച്ചിരുന്ന സ്ഥലത്തിനടുത്തുള്ള ഹോള്‍സെയില്‍ ഷോപ്പ് ഉടമ ശിവകുമാര്‍ ആയിരുന്നു കൊലയാളി. 8 ലക്ഷം രൂപയുടെ കടംവീട്ടാനാണ് കൊലപാതകം നടത്തിയതെന്ന് ശിവകുമാര്‍ മൊഴി നല്‍കി. ബുധനാഴ്ച വൈകിട്ട് വീടിനടുത്ത് നില്‍ക്കുകയായിരുന്ന ശിവകുമാര്‍ ശോഭ നടന്നുപോകുന്നത് കണ്ടു. അവര്‍ ധരിച്ചിരുന്ന ആഭരണങ്ങളാണ് അയാളുടെ കണ്ണില്‍ ഉടക്കിയത്. അത് തട്ടിയെടുക്കാന്‍ ഉറപ്പിച്ച ശിവകുമാര്‍ ശോഭയെ പിന്തുടര്‍ന്നു. അവരുടെ വീട് കണ്ടെത്തി.

ശോഭയുടെ വീട്ടിലെത്തി കതകില്‍ മുട്ടിയ ശിവകുമാര്‍ ദാഹിക്കുന്നുവെന്നും വെള്ളം കിട്ടുമോ എന്നും ചോദിച്ചു. ശോഭ അകത്തേക്ക് നടന്നപ്പോള്‍ ശിവകുമാര്‍ പിന്തുടര്‍ന്ന് കതകിനുള്ളില്‍ കയറി. അവര്‍ ഒറ്റയ്ക്കാണെന്ന് കരുതിയ ശിവകുമാര്‍ കട്ടിലില്‍ കിടക്കുന്ന ഭര്‍ത്താവിനെ കണ്ട് പകച്ചെങ്കിലും അനങ്ങാനാവില്ലെന്ന് മനസിലായതോടെ ശോഭയുടെ ആഭരണം ബലമായി കവര്‍ന്നെടുക്കാന്‍ ശ്രമിച്ചു. ശോഭ എതിര്‍ത്ത് ബഹളം വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവരുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊലപാതകത്തിന് പിന്നാലെ ശിവകുമാര്‍ ഓടി രക്ഷപെട്ടു. 100 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ കൈവശപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ശിവകുമാറിന്‍റെ വരവും പോക്കും കൃത്യമായി പതിഞ്ഞതോടെ പൊലീസിന് കാര്യങ്ങള്‍ എളുപ്പമായി. എന്നാല്‍ 10 വര്‍ഷമായി പരിചരിച്ചിരുന്ന ഭാര്യയെ നഷ്ടപ്പെട്ട വയോധികന്‍റെ ഭാവി എന്താകും എന്ന ആശങ്കയിലും പ്രയാസത്തിലുമാണ് സമീപവാസികളും പൊലിസും. 

Woman Slit to Death in Front of Paralyzed Husband; Accused Arrested in Bengaluru:

A 69-year-old woman named Shobha was brutally murdered in front of her bedridden husband at their home in Nelamangala, Bengaluru. The assailant, a local shop owner named Shivakumar, entered the house under the pretext of asking for water and killed her to steal 100 grams of gold jewelry to settle his debts. Police apprehended the suspect within hours by tracing CCTV footage and gathering information from the victim's husband. The incident has left the local community deeply concerned about the future of the elderly, paralyzed husband who has lost his sole caregiver.