ഗര്‍ഭിണിയെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ച് സസ്പെന്‍ഷനിലായ എസ്എച്ചഒ പ്രതാപചന്ദ്രനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം. വകുപ്പുതല നടപടിക്കപ്പുറം സ്ത്രീകള്‍ക്കെതിരായ അതിക്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യം. തെളിവായി ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്ന സാഹചര്യത്തില്‍ പ്രതാപചന്ദ്രനെതിരെ കേസെടുക്കണമെന്ന് യുവതിയും കുടുംബവും ആവശ്യപ്പെടും.
പ്രതാപചന്ദ്രനെതിരെ മുഖ്യമന്ത്രിക്കടക്കം മുന്‍പും പരാതി നല്‍കിയിരുന്നെങ്കിലും അന്ന് നടപടിയുണ്ടായില്ല. വകുപ്പുതല അന്വേഷണം പുകമറ മാത്രമമെന്നാണ് സംശയം. കഴിഞ്ഞ വര്‍ഷം ജൂണില്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നടന്ന അതിക്രമത്തിന്‍റെ ദൃശ്യങ്ങളാണ് നിയമപോരാട്ടത്തിനൊടുവില്‍ പുറത്തായത്. ഇതിന് പിന്നാലെയാണ് നിലവില്‍ അരൂര്‍ എസ്എച്ച്ഒയായ പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തത്.
2024 ജൂൺ 20 നാണ് സംഭവം നടക്കുന്നത്. എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിലെ അതിക്രമ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൊച്ചി സ്വദേശി ഷൈമോളെ എസ്.എച്ച്.ഒ പ്രതാപചന്ദ്രൻ മുഖത്തടിക്കുന്നതാണ് ദൃശ്യങ്ങളിൽ. ഇവരുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് കൈക്കുഞ്ഞുമായി യുവതി സ്റ്റേഷനിൽ എത്തിയത്. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് സിഐ മുഖത്തടിച്ചത്.