ഉല്‍സവത്തിന് ഒരു മാസം ശേഷിക്കെ പത്തനംതിട്ട ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉപദേശകസമിതിയേയും പിരിച്ചു വിടുന്നു. ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറയുന്നത്.രണ്ട് വര്‍ഷംമുന്‍പ് ഉല്‍സവത്തിന് കാവിക്കൊടിക്ക് ബദലായി ചെങ്കൊടി കെട്ടാന്‍ ഡിവൈഎഫ്ഐ ശ്രമിച്ചിരുന്നു.
ഉപദേശക സമിതിയെ പിരിച്ചു വിട്ട് അഡ്ഹോക് കമ്മിറ്റി രൂപീകരിക്കാനാണ് നിര്‍ദേശം.ഇതിനായി ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തിയെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത് പറഞ്ഞു.ദേവസ്വം വിജിലന്‍സിന്‍റെ റിപ്പോര്‍ട്ടുണ്ട്.ക്ഷേത്രത്തില്‍ കാവിക്കൊടി കെട്ടുന്നു,ആര്‍എസ്എസ് ശാഖ നടക്കുന്നു,തുടങ്ങിയവയയാണ് ആരോപണങ്ങള്‍.നോട്ടിസ് നല്‍കി പിരിച്ചു വിടാനാണ് നിര്‍ദേശം.
അടുത്തമാസം എട്ടിനാണ് ക്ഷേത്രത്തിലെ ഉല്‍സത്തിന്‍റെ കൊടിയേറ്റ്.ഉല്‍സവം അടുത്തിരിക്കെയുള്ള പിരിച്ചു വിടലിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്.ഇതുവരെ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ഉപദേശക സമിതി പറഞ്ഞു.ഇതുവരെ സമിതിക്കെതിരെ പരാതികളില്ല.ആലോചിച്ച് പ്രതികരിക്കാം എന്നാണ് സമിതി നിലപാട്. 2023ലെ ഉല്‍സവത്തില്‍ ക്ഷേത്ര പരിസരത്ത് ചെങ്കൊടി കെട്ടാനുള്ള ഡിവൈഎഫ്ഐ ശ്രമം നേരിയ സംഘര്‍ഷമുണ്ടാക്കിയിരുന്നു