പത്ത് കോടിയുടെ ഉടമയ്ക്കായുള്ള കാത്തിരിപ്പ് അഞ്ചാം നാളിലേക്ക്. സമ്മര്‍ ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സ്ഥാനം നേടിയ ഭാഗ്യശാലി ഇതുവരെ രംഗത്തെത്തിയിട്ടില്ല. ഭാഗ്യം അതിര്‍ത്തികടന്നുവെന്നും ഇല്ലെന്നുമുള്ള പ്രചരണത്തിനിടയിലും പാലക്കാട്ടെ ബംപര്‍ ഏജന്‍സി തേടി ഭാഗ്യന്വേഷികളുടെ വരവ് കൂടിയിട്ടുണ്ട്.
ഭാഗ്യദേവത കനിഞ്ഞ വിവരം ഇങ്ങനെ ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ട് അഞ്ചാം നാള്‍. മൊബൈല്‍ ഫോണിലേക്കുള്ള ഓരോ പുതിയ വിളിയും ബംപറടിച്ചത് എനിക്കാണെന്ന് മറുതലയ്ക്കല്‍ പറയുന്നത് കേള്‍ക്കാനാണ് കിങ് സ്റ്റാര്‍ ലോട്ടറി ഏജന്‍റ് സുരേഷ് ആഗ്രഹിക്കുന്നത്. പക്ഷേ ഭാഗ്യശാലിയുടെ വിളി മാത്രം വരുന്നില്ല.
ബംപറടിച്ചയാള്‍ വന്നില്ലെങ്കിലും സുരേഷ് ഹാപ്പിയാണ്. കാരണം ബംപറടിച്ച കടതേടി നിറയെ ആളുകള്‍ വരുന്നു. രാവിലെ പത്ത് മണിക്ക് മുന്‍പായി ലോട്ടറി വിറ്റുതീരുന്നു. ഭാഗ്യം അതിര്‍ത്തികടന്നുവെന്ന പതിവ് ചര്‍ച്ചകള്‍ പലഭാഗത്തായുണ്ട്. ബംപറിച്ചാല്‍പ്പിന്നെ നാട്ടില്‍ തുടരാനാവില്ലെന്ന പലരുടെയും മുന്‍കാല അനുഭവം കാരണം വൈകാതെ ലോട്ടറി ഓഫിസിലോ ബാങ്ക് മാനേജരുടെ കാബിനിലോ ഭാഗ്യവാന്‍റെ ചിരി പ്രതീക്ഷിക്കാം.