ട്വിസ്റ്റ് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, സിനിമാ കഥയെ വെല്ലുന്ന ട്വിസ്റ്റ്. രാജസ്ഥാനിലെ കോട്പുടില്‍ നിന്നുള്ള പച്ചക്കറി വ്യാപാരിയായ അമിത് സെഹ്റയുടെ ജീവിതം മാറ്റിയത് കടം വാങ്ങിയ 1,000 രൂപയാണ്. ഈ തുകയ്ക്കെടുത്ത രണ്ട് ലോട്ടറിയില്‍ ഒരെണ്ണത്തിന് 11 കോടി രൂപ സമ്മാനം ലഭിച്ചു. പഞ്ചാബ് ലോട്ടറിയുടെ ദീപാവലി ബംപറിലാണ് 32 കാരനായ അമിതിന് സ്വപ്ന നേട്ടം.
സുഹൃത്ത് മുകേഷ് സെന്നിനൊപ്പമാണ് അമിത് പഞ്ചാബിലേക്ക് പോയത്. മൊഗയിലുള്ള മുകേഷിന്‍റെ അമ്മാവനെ കാണാനായിരുന്നു ഇരുവരുടെയും യാത്ര. ഒക്ടോബര്‍ 16 നുള്ള മടക്കയാത്രയില്‍ ബതിന്‍ഡയില്‍ ചായ കുടിക്കാന്‍ ഇറങ്ങിയപ്പോഴാണ് തനിക്ക് ലോട്ടറിയെടുക്കണമെന്ന ആഗ്രഹം അമിത് സുഹൃത്തിനോട് പറഞ്ഞത്. 'പണമില്ലെന്ന് പറഞ്ഞപ്പോള്‍ സുഹൃത്ത് 1000 രൂപ തന്നിട്ട് രണ്ട് ലോട്ടറിയെടുക്കാന്‍ പറഞ്ഞു'.
ഈ രണ്ടു ലോട്ടറിയില്‍ ഒരെണ്ണത്തിനാണ് ബംപറടിച്ചത്. 500 രൂപയുടെ ഒരു ടിക്കറ്റിന് സമ്മാനം അടിച്ചു. മറ്റേ ടിക്കറ്റിന് 1,000 രൂപ സമ്മാനവും ലഭിച്ചു. ലോട്ടറിയെടുത്ത ഉടനെ മുകേഷ് ചിത്രം ഫോണില്‍ പകര്‍ത്തിയിരുന്നു. സമ്മാനം നറുക്കെടുത്ത ദിവസം മുകേഷ് വിളിച്ചു പറഞ്ഞപ്പോള്‍ ആണ് കാര്യമറിയുന്നതെന്നും അമിത് പറഞ്ഞു.
പച്ചക്കറി വില്‍പ്പനക്കാരനായ അമിതിന്‍റെ വരുമാനം ദിവസം 400-500 രൂപ വരെയാണ്. ലോട്ടറിയുടെ സമ്മാനമായി നികുതി കഴിച്ച് 7.60 കോടി രൂപയോളം ലഭിക്കും. ഇതില്‍ ഒരു കോടി രൂപ മുകേഷിന്‍റെ മക്കള്‍ക്ക് നല്‍കുമെന്നും അമിത് പറഞ്ഞു. എനിക്ക് എത്ര ബാക്കിയുണ്ടെങ്കിലും അത് ഞാന്‍ മുകേഷുമായി പങ്കിടും. മുകേഷാണ് പണം കടം തന്ന് പഞ്ചാബിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.
പണമില്ലാത്തതിനാല്‍ പഞ്ചാബിലെത്തി ലോട്ടറി ഹാജരാക്കാനും സമയമെടുത്തു. പഞ്ചാബിലേക്ക് എത്താന്‍ 8,000 രൂപ കടം വാങ്ങിയിരുന്നു. സമ്മാനതുക ലഭിച്ചാലുടന്‍ ഈ പണം തിരികെ നല്‍കുമെന്നാണ് അമിത് പറയുന്നത്.