പഞ്ചാബ് ലുധിയാന സ്വദേശിയായ 23കാരി കാനഡയില്‍ കൊല്ലപ്പെട്ടു. സമ്രാല സ്വദേശിനിയായ ദമൻപ്രീത് കൗർ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ലിവ് ഇന്‍ പങ്കാളിയും ഇന്ത്യക്കാരനുമായ 22കാരനെ എഡ്മന്റണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 9നാണ് സംഭവം. 23കാരിയായ ദമന്‍പ്രീതിനെയാണ് എഡ്മന്റണില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സില്‍വര്‍ബെറിയിലുള്ള താമസസ്ഥലത്ത് ഗുരുതരമായി പരുക്കേറ്റ ദമന്‍പ്രീതിനെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ ജൂലൈ 12ന് മരണത്തിനു കീഴടങ്ങി. ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.
സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തും ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് പങ്കാളിയുമായിരുന്ന റിതീഷ് കുമാറിനെ പൊലീസ് പിടികൂടി. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശ്വാസംമുട്ടിച്ചാണ് റിതീഷ് ദമന്‍പ്രീതിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിക്കുന്നു. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കുള്ളതായി സംശയമില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
5 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ദമന്‍ സ്റ്റുഡന്റ് വീസയില്‍ കാനഡയിലെത്തിയത്. വലിയ തുക ബാങ്ക് വായ്പയെടുത്താണ് മകളെ ഉപരിപഠനത്തിനായി കാനഡയിലേക്ക് അയച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു. ദമൻപ്രീതിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഗോഫണ്ട്‌മീ കാമ്പെയിന്‍ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഏകദേശം 20,000 ഡോളര്‍ ആവശ്യമാണ്, 18,000 ഡോളറിലധികം ധനസമാഹരണം നടത്തിയിട്ടുണ്ടെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.